കണ്ണൂർ: അങ്കണവാടിയിൽ നിന്ന് തിളപ്പിച്ച പാൽ നൽകിയ ദിവ്യാംഗന് ഗുരുതര പൊള്ളലേറ്റതായി പരാതി. ഭക്ഷണവും വെള്ളവും കഴിക്കാൻ സാധിക്കാതെ നാല് ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാനസിക വെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണ് ചികിത്സയിലുള്ളത്. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചു നൽകിയെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. അങ്കണവാടി ജീവനക്കാർക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ പിണറായി പൊലീസിൽ പരാതി നൽകി.
പൊള്ളലേറ്റ് വായ്ക്ക് ചുറ്റും തൊലി നഷ്ടപ്പെട്ട നിലയിലാണ്. പിണറായി 18-ാം വാർഡിലെ കോളാട് അങ്കണവാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അന്ന് രാവിലെ അമ്മയെ വിളിച്ച് മകനെ അങ്കണവാടിയിൽ കൊണ്ടുവരണമെന്ന് അദ്ധ്യാപിക ആവശ്യപ്പെട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് അര മണിക്കൂറിന് ശേഷം അമ്മയെ വീണ്ടും ഫോണിൽ വിളിച്ചു. വായ്ക്ക് ചുറ്റും പൊള്ളലേറ്റ കുഞ്ഞിനെയാണ് അങ്കണവാടിയിൽ എത്തിയപ്പോൾ കണ്ടതെന്ന് അമ്മ പറയുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ അദ്ധ്യാപികയും ആയയും തയ്യാറായില്ലെന്ന് അമ്മ പറയുന്നു.
പിണറായി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്ന് സ്ഥിതി വഷളായതോടെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജി ആശുപത്രിയിലേക്ക് മാറ്റിയത്.















