ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും ഹമീർപൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേന്ദ്രമന്ത്രി ക്ഷേത്രദർശനം നടത്തിയത്. ഹാമിപൂരിൽ നിന്ന് അഞ്ചാം തവണയാണ് ഠാക്കൂർ മത്സരരംഗത്തിറങ്ങുന്നത്.
വോട്ടെടുപ്പിന് മുന്നോടിയായി വിജയ് സങ്കൽപ് യാത്രയിലും ഠാക്കൂർ പങ്കെടുക്കും. ക്ഷേത്രദർശനം നടത്തിയ ശേഷമാണ് വിജയ് സങ്കൽപ് യാത്ര ആരംഭിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും തന്നെ പിന്തുണയ്‌ക്കുന്ന വോട്ടർമാർ ഇത്തവണയും തന്നോടൊപ്പമുണ്ടാകുമെന്ന വിശ്വാസമുണ്ടെന്ന് ക്ഷേത്ര ദർശനത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹമാണ് ഞങ്ങളുടെ സമ്പത്തെന്നും ഇതാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമാചലിൽ ജൂൺ ഒന്നിനാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹമീർപൂർ, മാണ്ഡി, ഷിംല, കാൻഗ്ര മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു.















