കാബൂൾ: അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയ്ലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഇന്ത്യൻ സമയം 6.16 നാണ് ചലനം അനുഭവപ്പെട്ടത് . നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതനുസരിച്ച് 120 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം.
അഫ്ഗാനിൽ അടുത്തകാലത്തായി ഭൂചലനങ്ങൾ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. 2023 ഒക്ടോബറിലുണ്ടായ ഭൂകമ്പത്തിൽ അഫ്ഗാനിൽ മാത്രം 4,000 പേർ കൊല്ലപ്പെട്ടിരുന്നു.
വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാൻ പ്രവിശ്യയിൽ കനത്തമഴയെ തുടർന്ന് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ 50 പേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് അഫ്ഗാന്റെ സ്ഥാനം.















