സെക്കന്തരാബാദ്..
തെലങ്കാനയിലെ സുപ്രധാനമായ അർബൻ സീറ്റുകളിലൊന്ന്. സംസ്ഥാനത്തെ 17 ലോക്സഭാ മണ്ഡലങ്ങളിൽ മുന്നണികൾ ഉറ്റുനോക്കുന്ന സീറ്റ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണമായും ബിആർഎസിന് മേൽക്കൈയുള്ള ഏഴ് സീറ്റുകളടങ്ങുന്നതാണ് സെക്കന്തരാബാദ് ലോക്സഭാ മണ്ഡലം. മുർഷിദാബാദ്, അംബർപേട്ട്, ഖൈരദാബാദ്, ജൂബിലി ഹിൽസ്, സനത്നഗർ, സെക്കന്തരാബാദ് എന്നിവ ബിആർഎസിനൊപ്പമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു നമ്പള്ളി സീറ്റ് ബിആർഎസിന് നഷ്ടമായത്. ഇപ്പോൾ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് സ്വന്തം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരത് രാഷ്‌ട്ര സമിതിക്കൊപ്പമാണെങ്കിലും പാർലമെന്റിലേക്ക് കഴിഞ്ഞ രണ്ടുതവണയും ബിജെപിയെ ചേർത്തുപിടിച്ച സീറ്റ് കൂടിയാണ് സെക്കന്തരാബാദ്.

നിലവിലെ സിറ്റിംഗ് എംപിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡിയുടെ കൈകളിൽ ഇത്തവണയും സെക്കന്തരാബാദ് ഭദ്രമാണ്. ബിആർഎസ് വിട്ട് കോൺഗ്രസിലേക്കെത്തിയ ദനം നാഗേന്ദറും, ബിആർഎസിന്റെ ടി. പദ്മ റാവു ഗൗഡുമാണ് റെഡ്ഡിയുടെ എതിരാളികളെങ്കിലും മൂന്നാം ടേമിലും 100% വിജയസാധ്യതയുമായാണ് സെക്കന്താബാദിൽ ബിജെപി പ്രചാരണത്തിനിറങ്ങിയത്. എന്നിരുന്നാലും മത്സരം കടുക്കുമെന്നത് തീർച്ച.

സെക്കന്തരാബാദ് ലോക്സഭാ മണ്ഡലം രൂപീകരിച്ച 1957ന് ശേഷം 1991 വരെ ഏറ്റവും കൂടുതൽ കാലം സീറ്റ് കൈവശം വച്ചത് കോൺഗ്രസായിരുന്നു. ഇതിനിടെ 1967 മുതൽ 77 വരെയുള്ള പത്ത് വർഷക്കാലം മാത്രം തെലങ്കാന പ്രജാ സമിതിയുടെ മിർസയും ഹാഷിമും സെക്കന്തരാബാദ് സ്വന്തമാക്കി. തെലങ്കാന സംസ്ഥാന രൂപീകരണം ലക്ഷ്യമിട്ട് പ്രവർത്തിച്ച പാർട്ടിയായിരുന്നു തെലങ്കാന പ്രജാ സമിതി അഥവാ തെലങ്കാന പീപ്പിൾസ് കൺവെൻഷൻ. സെക്കന്തരാബാദ് മണ്ഡലം രൂപീകരിച്ചതുമുതൽ പി. ശിവശങ്കറും, തങ്കുതുരി അഞ്ജയ്യും ടി. മനേമ്മയുമൊക്കെ തിരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസിന്റെ കുത്തക സീറ്റായി മാറിയ സെക്കന്തരാബാദിൽ പുതുചരിത്രം രചിക്കപ്പെട്ടത് 1991ലാണ്. ബിജെപിയുടെ ബണ്ടാരു ദത്താത്രേയ കോൺഗ്രസ് കോട്ട പൊളിച്ച് ചരിത്രമെഴുതി. പിന്നീടങ്ങോട്ട് ബിജെപിയും കോൺഗ്രസും മാറിമാറി തെരഞ്ഞെടുക്കപ്പെട്ട സീറ്റാണ് സെക്കന്തരാബാദ്. നിയമസഭാ വോട്ടെടുപ്പിൽ വിജയം കാണാനായിട്ടുണ്ടെങ്കിലും ലോക്സഭാ വോട്ടെടുപ്പിൽ ഒരിക്കൽ പോലും വിജയത്തിന്റെ മധുരം നുകരാൻ ഈ സീറ്റിൽ ബിആർഎസിന് കഴിഞ്ഞിട്ടില്ല.

1991, 1998, 2014 എന്നിങ്ങനെ മൂന്ന് തവണ സെക്കന്തരാബാദിനെ പ്രതിനിധീകരിച്ച് ഡൽഹിയിലെത്താൻ ബിജെപിയുടെ ബണ്ടാരു ദത്താത്രേയക്ക് കഴിഞ്ഞു. 2009ൽ അഞ്ജൻ കുമാർ യാദവ് പിടിച്ചെടുത്ത സീറ്റ് 2014ൽ മോദി തരംഗം രാജ്യമെമ്പാടും ആഞ്ഞുവീശിയപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തിന് ദത്താത്രേയ വീണ്ടും പിടിച്ചെടുക്കുകയായിരുന്നു. 2021 മുതൽ ഹിമാചൽ പ്രദേശ് ഗവർണറാണ് ദത്താത്രേയ.

അന്നത്തെ തെരഞ്ഞെടുപ്പിൽ 43.66 ശതമാനം വോട്ടും ബിജെപിയുടെ പെട്ടിലായി. 4,38,000ലധികം പേർ ദത്താത്രേയക്ക് വേണ്ടി വിരലിൽ മഷിപുരട്ടി. സിറ്റിംഗ് എംപിയായിരുന്ന കോൺഗ്രസിന്റെ അഞ്ജൻ കുമാർ യാദവിനെ രണ്ടരലക്ഷത്തിലധികം ഭൂരിപക്ഷത്തിന് ദത്താത്രേയ വീണ്ടും തോൽപ്പിച്ചു. അഴിമതിയിൽ മുങ്ങിയ യുപിഎ സർക്കാരിനെക്കൊണ്ട് പൊറുതിമുട്ടിയ ജനം വെറും 18 ശതമാനം വോട്ട് മാത്രമായിരുന്നു യാദവിന് നൽകിയത്.

കഴിഞ്ഞ തവണ 62,144 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ബിആർഎസിന്റെ തലസാനി സായ് കിരൺ യാദവിനെ ബിജെപിയുടെ ജി. കിഷൻ റെഡ്ഡി തോൽപ്പിച്ചത്. 3,84,780 വോട്ടുകളും 42.05 ശതമാനം വോട്ടും റെഡ്ഡി നേടിയപ്പോൾ 35.26 ആയിരുന്നു ബിആർഎസിന്റെ വോട്ടുശതമാനം. 2014ൽ എഐഎംഐഎമ്മിന് ലഭിച്ച വോട്ട് മുഴുവൻ 2019ൽ ബിആർഎസ് ചാക്കിലാക്കിയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയെന്ന മോഹം ലക്ഷ്യം കണ്ടില്ല. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സെക്കന്തരാബാദ് മുൻ എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ എം. അഞ്ജൻ കുമാർ യാദവിന് 18 ശതമാനം വോട്ടുമാത്രമാണ് അന്നും ലഭിച്ചത്. 2004ൽ 50 ശതമാനത്തോളം വോട്ട് പെട്ടിയിലാക്കിയ കോൺഗ്രസാണ് 2014ലും 2019ലും നിഷ്പ്രഭാമായതെന്നതും ശ്രദ്ധേയമാണ്. ഇത്തവണ ത്രികോണ മത്സരമാണെങ്കിലും ബിജെപി ഹാട്രിക് അടിക്കുമെന്ന് തന്നെയാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഗംഗപുരം കിഷൻ റെഡ്ഡിയെന്ന കരുത്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് ബിജെപി കളത്തിലിറക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വർദ്ധിച്ച ജനപ്രീതിയും ബിജെപിയുടെ വികസനത്തിലൂന്നിയ പ്രവർത്തനങ്ങളും താഴേത്തട്ടിലേക്ക് എത്തുന്ന വിധത്തിൽ നടപ്പിലാക്കിയ ഓരോ അടിസ്ഥാന വികസന പദ്ധതികളും കിഷൻ റെഡ്ഡിയുടെ വോട്ടുശതമാനം ഉയർത്തുമെന്നുറപ്പ്. ബിആർഎസിനോടും കോൺഗ്രസിനോടും മുഖംതിരിക്കുന്നവരല്ല തെലുങ്കരെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ പൊതുവെ ബിജെപിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന മനസാണ് സെക്കന്താരാബാദിന്റേത്. ഇതും റെഡ്ഡിയുടെ വിജയസമവാക്യത്തിന് മുതൽക്കൂട്ടാകും.

വിനയത്തിന്റെയും എളിമയുടെയും മറ്റൊരു പേര് കൂടിയാണ് റെഡ്ഡി. ഗംഗപുരം കിഷൻ റെഡ്ഡി തെലങ്കാനയിൽ പലയിടത്തും അറിയപ്പെടുന്നത് ജനങ്ങളുടെ കിഷൻ അണ്ണയെന്നാണ്. 1964 ജൂൺ 15ന് അന്ന് ആന്ധ്രാപ്രദേശിന്റെ ഭാഗമായിരുന്ന രംഗറെഡ്ഡി ജില്ലയിലെ തിമ്മപൂർ ഗ്രാമത്തിൽ ഇടത്തരം കർഷക കുടുംബത്തിലായിരുന്നു റെഡ്ഡി ജനിച്ചത്. സിഐടിഡിയിൽ നിന്നും ടൂൾ ഡിസൈനിൽ ഡിപ്ലോമ കരസ്ഥമാക്കിയ റെഡ്ഡി 1977 മുതൽ ജനതാ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 1980ൽ ബിജെപി രൂപീകൃതമായതോടെയാണ് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറിയത്. 1982 മുതൽ 83 വരെ ആന്ധ്രയിൽ യുവമോർച്ച സംസ്ഥാന ട്രെഷറർ ചുമതല വഹിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കും എത്തി. 1990-92 കാലത്ത് യുവമോർച്ചയുടെ ദേശീയ സെക്രട്ടറിയായി. ഒപ്പം ദക്ഷിണേന്ത്യയുടെ ചുമതലയും വഹിച്ചു. പിന്നീട് പാർട്ടി നിയോഗിച്ച വിവിധ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയ അദ്ദേഹം 2004-2005 കാലത്ത് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടു. ആന്ധ്രയുടെ ബിജെപി വക്താവ് കൂടിയായിരുന്നു റെഡ്ഡി.

2004 മുതൽ 2009 വരെയുള്ള കാലത്ത് ഹിമയത് നഗറിൽ നിന്ന് എംഎൽഎയായി റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2009 മുതൽ 2014 വരെ അംബർപേട്ട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായി. ഇതിനിടെ ആന്ധ്രയുടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചു. തെലങ്കാന രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്തെ ആദ്യ ബിജെപി അദ്ധ്യക്ഷനായി പ്രവർത്തിച്ചതും റെഡ്ഡിയായിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി 986 ഗ്രാമങ്ങളും 88 നിയമസഭാ മണ്ഡലങ്ങളും തൊട്ടറിഞ്ഞ് 22 ദിവസം നീണ്ട ‘തെലങ്കാന പോരു യാത്ര’ നടത്തി 35,00 കി.മീ നടന്ന ചരിത്രവും റെഡ്ഡിക്ക് സ്വന്തമാണ്.

രണ്ടാം മോദി സർക്കാരിൽ കേന്ദ്ര ടൂറിസം, സാസ്‌കാരിക മന്ത്രിയായ അദ്ദേഹത്തിന് വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന്റെ ചുമതല കൂടിയുണ്ട്. 2019ൽ നടന്ന തെരഞ്ഞെടുപ്പിലാണ് കിഷൻ റെഡ്ഡി ആദ്യമായി എംപിയായത്. ഇതിന് ശേഷം 2023 ജൂലൈയിൽ തെലങ്കാനയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി വീണ്ടും റെഡ്ഡിയിൽ നിക്ഷിപ്തമാവുകയായിരുന്നു.

വികസിത ഭാരതത്തിനായി മോദിയുടെ കൈകൾക്ക് ശക്തിപകരാൻ, സെക്കന്തരാബാദിൽ നിന്നും ബിജെപി എംപി തിരഞ്ഞെടുക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന സെക്കന്തരാബാദുകാരും. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന മിഡിൽക്ലാസ്, അപ്പർക്ലാസ് ജനങ്ങളും മോദിയുടെ ഗ്യാരന്റിയെ പിന്തുണയ്‌ക്കുന്നു. കൂടാതെ ഉത്തരേന്ത്യയിൽ നിന്ന് കുടിയേറിയ വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ടും ബിജെപിക്ക് അനുകൂല ഘടകങ്ങളാണ്. കേരളം, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സെക്കന്തരാബാദിൽ സ്ഥിരതാമസക്കാരാണെന്ന പ്രത്യേകതയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും കിഷൻ റെഡ്ഡിയുടെ പ്രചാരണത്തിനായി സെക്കന്താരാബാദിൽ എത്തുകയും ചെയ്തിരുന്നു. മണ്ഡലത്തിൽ നടപ്പിലാക്കിയ ദേശീയ/പ്രാദേശിക പദ്ധതികളും വോട്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഹൈദരാബാദ് റീജിയണൽ റിംഗ് റോഡ്, നാഗ്പൂർ-വിജയവാഡ എക്‌സ്പ്രസ് വേ, ഹൈദരാബാദ് ഇൻഡോർ എക്‌സ്പ്രസ് വേ, സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർനവീകരണം തുടങ്ങിയ പദ്ധതികളെല്ലാം നിലവിൽ നിർമാണത്തിലാണ്.

ഇത്തവണ ബിആർഎസിന്റെ പദ്മ റാവു ഗൗഡാണ് ബിജെപിയുടെ പ്രധാന എതിരാളി. ആദ്യമായി 2004-ലും പിന്നീട് 2014, 2018, 2023 വർഷങ്ങളിലും അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-18 കാലയളവിൽ സംസ്ഥാനത്തെ എക്സൈസ്, സ്പോർട്സ്, യുവജന ക്ഷേമ മന്ത്രിയായി. 2018 മുതൽ 2023 വരെ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായും പദ്മ റാവു ചുമതല വഹിച്ചിട്ടുണ്ട്. താരതമ്യേന ശക്തനാണെന്ന വിലയിരുത്തലിലാണ് ബിആർഎസ് നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിആർഎസിനെ താഴെയിറക്കിയെന്ന ആത്മവിശ്വാസവുമായാണ് കോൺഗ്രസ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം കോൺഗ്രസ് ആദ്യമായി ഭരണം പിടിച്ചെടുത്തതും കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പോടെയാണ്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിനുള്ള മാർക്കിടൽ കൂടിയാകും ഈ ലോക്സഭാ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തൽ.

ആകെ 19,68,276 വോട്ടർമാരാണ് സെക്കന്തരാബാദുള്ളത്. ഇത് പൂർണമായും അർബൻ വോട്ടുകളാണ്. അതിൽ തന്നെ 161,399 പേർ എസ്.സി വിഭാഗക്കാരും 27,556 പേർ എസ്ടി വിഭാഗക്കാരുമാണ്. ആകെ വോട്ടർമാരിൽ 72.6 ശതമാനം പേർ ഹിന്ദുക്കളും 27.4% പേർ മുസ്ലീങ്ങളുമാണ്.















