നടൻ രാം ചരണിന്റെ വാഹനത്തിന് മുന്നിൽ തടിച്ചു കൂടി ആരാധകർ. ജനസേന പാർട്ടി നേതാവും അമ്മാവനുമായ പവൻ കല്യാണിനുവേണ്ടി പിതപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. രാം ചരണിനൊപ്പം അമ്മാവൻ അല്ലു അരവിന്ദ്, അമ്മ സുരേഖ എന്നിവരും ഉണ്ടായിരുന്നു. രാജമുണ്ട്രി വിമാനത്താവളത്തിലെത്തിയ താരത്തിന് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്.
രാം ചരൺ എത്തുമെന്ന വിവരം അറിഞ്ഞ് നിരവധി ആരാധകർ രാജമുണ്ട്രി വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. രാം ചരണും കുടുംബവും വഴിയൊരുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടു. താരം സഞ്ചരിച്ചിരുന്ന വാഹനം വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴും തടഞ്ഞുകൊണ്ട് ആരാധകർ തടിച്ചുകൂടി.
രാം ചരണും കുടുംബവും ഇന്ന് ആന്ധ്രാപ്രദേശിലെ ശ്രീ കുക്കുടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പവൻ കല്യാണിന് പിന്തുണ അറിയിച്ച് നടൻ എക്‌സിൽ കുറിപ്പ് പങ്കുവച്ചിരുന്നു.’ എന്റെ ബാബ പവൻ കല്യാണിന് വേണ്ടി’. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. മെഗാസ്റ്റാർ ചിരഞ്ജീവി, അല്ലു അർജുൻ, വരുൺ തേജ്, സായ് ദുർഗ തേജ് തുടങ്ങിയ കുടുംബാംഗങ്ങളും പവൻ കല്യാണിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.















