കൊൽക്കത്ത: ഗവർണർ സിവി ആനന്ദബോസ് രാജിവയ്‌ക്കുന്നത് വരെ രാജ്ഭവനിൽ കയറില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗവർണർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ട് രാജിവയ്‌ക്കുന്നില്ല എന്നാണ് മമത ചോദിക്കുന്നത്.
പീഡന ആരോപണത്തിൽ പ്രതികരിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്ന മമത സർക്കാരിന്റെ നയങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ആനന്ദബോസ് വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാകുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
മതയ്‌ക്കും അവരുടെ പൊലീസിനുമൊഴികെ ബംഗാളിലെ ഏതൊരു പൗരൻ ആവശ്യപ്പെട്ടാലും സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാണ്. രാജ്ഭവനിലേക്ക് വിളിച്ചാലോ മെയിൽ അയച്ചാലോ ലൈംഗികോപദ്രവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. എന്നിട്ടും നുണ പ്രചരണങ്ങൾ തുടരുകയാണ് മമതയും തൃണമൂൽ നേതാക്കളും.