ആദിശങ്കരാചാര്യർ ജനിച്ച നാടാണ് കേരളം. കേരളത്തിലെ കാലടി എന്ന ഗ്രാമത്തിൽ ശിവഗുരുവിന്റെയും ആര്യാംബാഅന്തർജ്ജനത്തിന്റെയും മകനായി ശങ്കരാചാര്യർ ജനിച്ചു എന്ന് വിശ്വസിക്കുന്നു. ശ്രീ ശങ്കരന്റെ ജനനം മുതൽ ഉള്ള ജീവിത ഘട്ടങ്ങൾ സംബന്ധിച്ച വിശ്വാസകഥകൾ കേരളത്തിലിന്നും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടു വരുന്നു. ശ്രീ പരമേശ്വരന്റെ അവതാരം എന്നും, മഹാദേവൻ എന്ന ആദ്യ ഗുരുവിന് ശേഷം ഇന്നോളം ഉള്ള ഗുരുപരമ്പരയിൽ മധ്യത്തിലായി വരുന്ന ശ്രീ ശങ്കരാചാര്യരുടെ അപദാനങ്ങൾ, സിദ്ധാന്തങ്ങൾ, കൃതികൾ എല്ലാം ഇന്നും സാധന ചെയ്യപ്പെട്ടു വരുന്നു. ശ്രീ ശങ്കരാചാര്യർ തന്റെ ദിഗ് വിജയം ആരംഭിച്ചത് മുതൽ ഭാരതത്തിന്റെ നാല് ദിക്കുകളിൽ മഠങ്ങൾ സ്ഥാപിച്ചു. അദ്വൈത വേദാന്തം പ്രചരിപ്പിച്ചു. എന്നാൽ നാലു മoങ്ങളല്ല, അതിലേറെ മഠങ്ങളുടെ സ്ഥാപനം ശങ്കരാചാര്യരാൽ സാധിച്ചിട്ടുണ്ട് എന്നും ഭാരതീയർ വിശ്വസിച്ചു പോരുന്നു. എന്നാൽ ശങ്കരാചാര്യർ എന്ന നാമം വ്യക്തിഗതമല്ല, മറിച്ച് അത് പരമ്പരയിലെ ആചാര്യപദവിയെ സൂചിപ്പിക്കുന്നതാണ് എന്നും, ആയതിനാൽ ആദിശങ്കരന് ശേഷവും ഒട്ടേറെ ശങ്കരാചാര്യന്മാർ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച നാലുമoങ്ങളിലെ ആചാര്യന്മാരായ സന്യാസികളെ സ്ഥാനം കൊണ്ട് ‘ശങ്കരാചാര്യർ’എന്നാണ് വർത്തമാനകാലത്തിലും വിശേഷിപ്പിച്ചു പോരുന്നത്. ഇത്തരത്തിൽ സ്ഥാനം കൊണ്ട് ശങ്കരാചാര്യന്മാർ ആയിട്ടുള്ള പല സന്യാസികളുടെയും ജീവിത മുഹൂർത്തങ്ങളെ പാരമ്പര്യ ജനത വിശ്വസിച്ചു പോരുന്നത് ശ്രീശങ്കരന്റെ ജീവിതകഥകൾ ആയിട്ടാണ്. ആദിശങ്കരന്റെ ജീവിതയാത്രയെ കുറിച്ച് കൂട്ടായ്മകൾക്കുള്ള വിശ്വാസങ്ങളും സങ്കല്പങ്ങളും പ്രസ്തുത കൂട്ടായ്മയ്‌ക്ക് അകത്തു പ്രവർത്തിക്കുന്ന ഒരു യുക്തി ബോധത്തിന് അനുസരിച്ചാണ് പ്രസരിക്കുന്നത്. ചരിത്രപരമായി അതിശങ്കരന്റേതല്ലാത്ത, എന്നാൽ ശങ്കരാചാര്യരുടെതെന്ന് കൂട്ടായ്മ വിശ്വസിക്കുന്ന പല ഐതിഹ്യ കഥകളും കേരളത്തിൽ പലയിടങ്ങളിൽ ഇന്നും സജീവമാണ് എന്ന് നമുക്ക് മനസ്സിലാകും.
ശങ്കരാചാര്യരുടെത് എന്ന് വിശ്വസിക്കപ്പെടുന്ന ഒട്ടേറെ മുഹൂർത്തങ്ങളെ അവതരിപ്പിക്കുക എന്നുള്ളതാണ് ഈ അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ശ്രീ ശങ്കരാവതാരം : ഒരു നാടോടി ഐതിഹ്യം
ശങ്കരാചാര്യരുടെ ജന്മം സംബന്ധിച്ച് പലവിധത്തിലുള്ള ഐതിഹ്യങ്ങൾ കേരളത്തിൽ പ്രചാരമുണ്ട്. ഭഗവാൻ ദക്ഷിണാമൂർത്തിയുടെ അവതാരമാണ് ശങ്കരാചാര്യർ എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. കടപയാദി സമ്പ്രദായത്തിലുള്ള സംഖ്യാവിന്യാസം കൊണ്ട് ശങ്കരാചാര്യരുടെ സ്വർഗ്ഗാരോഹണ വർഷം രേഖപ്പെടുത്തിയിരിക്കുന്നു എന്നും കരുതപ്പെടുന്നു. അതിൽനിന്നും ശ്രീ ശങ്കരാചാര്യരുടെ ജീവിതകഥ കേവലം കെട്ടുകഥ അല്ല എന്നും, മറിച്ച് ചരിത്ര വസ്തുതയാണ് എന്നും മനസ്സിലാക്കാം. ഈ ചരിത്ര പുരുഷനെ കുറിച്ച് വസ്തുതാപരമായ വിവരണത്തിനപ്പുറമുള്ള കഥകൾ ഐതിഹ്യരൂപത്തിൽ കേരളത്തിലും ഭാരതത്തിലും സജീവമായി കാണാവുന്നതാണ്. അത്തരത്തിലുള്ള കഥകൾ വാമൊഴിയായി കൈമാറി വരുന്നതിനർത്ഥം ആ ദിവ്യപുരുഷൻ കേരളീയ സമൂഹത്തെ മാത്രമല്ല ഭാരതത്തെ ഒട്ടാകെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ആചാര്യ ഭഗവത്പാദരുടെ ജന്മം കേരളത്തിലെ ആലുവയ്‌ക്ക് അടുത്തുള്ള പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിൽ ആണെന്ന കാര്യം സുപ്രസിദ്ധമാണ്. ശങ്കരന്റെ അച്ഛന്റെ പേര് ശിവഗുരു എന്നും അമ്മയുടെ പേര് ആര്യാംബാ എന്നുമാണ്. മൂവാറ്റുപുഴ താലൂക്കിലെ പെട്ട മേൽപാഴൂർ ഇല്ലമാണ് ആര്യാംബയുടെ ജന്മഗേഹം. ശിവഗുരുവിനെ കുറിച്ച് രമണചരണ തീർത്ഥർ ശ്രീ നൊച്ചൂർ വെങ്കിട്ടരാമൻ ‘ആത്മ തീർത്ഥം’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിക്കുന്നു ” കേരളത്തിന്റെ ഹൃദയസ്ഥാനത്തിൽ ആലവായന്‍ ( വിഷം ഭക്ഷിച്ചവൻ ) എന്ന ശിവന്റെ സ്ഥാനമായ ആലുവയ്‌ക്കടുത്ത് പെരിയാറിന്റെ തീരത്ത് ഒരു കൊച്ചുഗ്രാമം. ഇവിടെ പെരിയാർ, ഭഗവത് സാന്നിധ്യത്തിൽ പൂർണ്ണയായതിനാൽ ‘പൂർണ്ണാനദി’ എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ സാക്ഷാൽ ശ്രീ പരമേശ്വരൻ പാദസ്പർശം ചെയ്തതിനാൽ ഇവിടം ‘കാലടി’ എന്നറിയപ്പെടുന്നു. കാലടി ഗ്രാമത്തിൽ അനേകം ബ്രാഹ്മണർ വസിച്ചിരുന്നു. വേദാദ്ധ്യായനനിരതരും അഗ്നിഹോത്രികളും ഈശ്വരാരാധനാ തല്പരരും ലൗകികവിമുഖരും ആയിരുന്നു ഇവർ. ഇവരുടെ ഇടയിൽ കുലപതി എന്നും മഹാശാലൻ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന യാജ്ഞിക ബ്രാഹ്മണൻ ആയിരുന്നു വിദ്യാധിരാജൻ. അനേകം യജ്ഞങ്ങൾക്ക് വഴികാട്ടിയും അനേകം പാഠശാലകൾക്ക് ആചാര്യനുമാണ് കുലപതി അഥവാ മഹാശാലൻ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഏക പുത്രനായിരുന്നു ശിവഗുരു. കൈപ്പള്ളി ഇല്ലത്ത് ആണ് ജനനം.(ഈ നാമത്തിന് ശിവന്റെ ഗുരു എന്നും ശിവന്റെ പിതാവ് എന്നും അർത്ഥമുണ്ട് )(1 ). ശിവ ഗുരുവിന് ഗാർഹസ്ഥ്യത്തിൽ താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം പൊതുവെ വിരക്തനായിരുന്നു. ഒരു ദിവസം അദ്ദേഹം ഉറങ്ങുമ്പോൾ ഒരു സ്വപ്നദർശനം ഉണ്ടായി.അദ്ദേഹം സ്വപ്നത്തിൽ ഭഗവാൻ അഗസ്ത്യ മഹർഷിയെ കാണുകയും ബ്രഹ്മചര്യം വിട്ട് സമാവർത്തനം ചെയ്ത് ഗാർഹസ്ഥ്യം സ്വീകരിക്കാൻ അഗസ്ത്യൻ ഉപദേശിക്കുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അതനുസരിച്ച് അദ്ദേഹം ഗാർഹസ്ഥ്യത്തിലേക്ക് പ്രവേശിച്ചു. ആര്യാദേവിയെ പണിഗ്രഹണം ചെയ്തു. അനപത്യതാ ദുഃഖത്താൽ പീഡിതരായിരുന്നു ശിവഗുരുവും ആര്യാംബയും. ഒരിക്കൽ ശിവഗുരുവും ആര്യാംബാദേവിയും പൂർണ്ണാ നദിക്കരയിൽ സന്ധ്യാവന്ദനം ചെയ്തുകൊണ്ടിരിക്കെ ഒരു വൃദ്ധ ബ്രാഹ്മണൻ അവരെ സമീപിക്കുകയും, ഒരു സത് സന്താനത്തിനായി ശ്രീ പരമേശ്വരനെ ഭജിക്കാനും ഋഷിഗണങ്ങളുടെയും ആഗ്രഹമാണ് എന്ന് അറിയിക്കുകയും ചെയ്തുകൊണ്ട് അവരെ കടന്നു മുന്നോട്ടുപോയി. അത് പരാശരപുത്രനായ വേദവ്യാസൻ തന്നെയാണ് ( 2)എന്ന് വിശ്വസിക്കപ്പെടുന്നു.
അനപത്യതാദുഃഖത്തിന് പരിഹാരമായി പരമശിവ ഭജനത്തിനായി ശിവഗുരുവും ആര്യാംബയും തീരുമാനിച്ചു. ആലുവാപ്പുഴ കടന്ന് തൃശിവപ്പേരൂരിലെത്തി അവർ വടക്കുന്നാഥനെ തൊഴുത് ഭജനമാരംഭിച്ചു. ഋഷഭാജലം, വൃക്ഷഗിരി എന്നൊക്കെയായിരുന്നു അക്കാലത്ത് തൃശ്ശിവപേരൂർ അറിയപ്പെട്ടിരുന്നത്. “തിരു ശിവന്റെ പേരിനാൽ അറിയപ്പെടുന്ന ഊരാണ് തൃശ്ശിവപ്പേരൂർ എന്ന തൃശ്ശൂർ”. ശിവഗുരുവിന്റേയും ധർമ്മപത്നിയുടെയും ഉഗ്രതപസ്സിൽ ശ്രീ പരമേശ്വരൻ സന്തുഷ്ടനായി. അങ്ങിനെ ആര്യാംബ ഗർഭിണിയായി. സന്തുഷ്ടരായ അവർ ശിവഭജനം മുഴുമിപ്പിച്ച് സ്വഗൃഹത്തിലേക്ക് മടങ്ങി. അങ്ങനെ പത്താം മാസം മേടമാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമിയും പുനർവസു നക്ഷത്രവും കൂടിയ കർക്കിടക ലഗ്നത്തിൽ അഭിജിത്ത് മുഹൂർത്തത്തിൽ (3)ശ്രീശങ്കരൻ ഭൂജാതനായി. “ശിശുവിന്റെ ജന്മം കഴിഞ്ഞ് കുറച്ചുനാളുകളിൽ ഏഴ് ദിവ്യ സ്ത്രീകൾ ആ ഗൃഹത്തിൽ വന്നതായും ശിശുവിന് മുലപ്പാൽ നൽകിയതായും പറയപ്പെടുന്നു”. (4).മാണിക്യമംഗലം കാർത്ത്യായനി ദേവീക്ഷേത്രത്തിൽ ശാന്തിക്കാരൻ ആയിരുന്ന ശിവഗുരു തന്റെ മകനെ ആ ക്ഷേത്രത്തിലേക്കും, വടക്കുംനാഥ ക്ഷേത്രത്തിലേക്കും കൊണ്ടുപോയി തൊഴുവിക്കുക പതിവായിരുന്നു. മൂന്നു വയസ്സിനുള്ളിൽ തന്നെ ശങ്കരൻ പിതാവിൽ നിന്ന് സർവ്വശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു.
ആ അത്ഭുത ബാലന്റെ ലീലകൾ വാമൊഴിയായി ഏറെയുണ്ട്. എ.ഡി 1896 ൽ മൈസൂർ രാജകീയ മുദ്രണാലയത്തിൽ അച്ചടിച്ച സൗന്ദര്യലഹരി വ്യാഖ്യാനത്തിന്റെ പീഠികയിൽ ശങ്കരാചാര്യരുടെ ബാല്യകാല വിശേഷം ഇപ്രകാരം വിവരിക്കുന്നുണ്ട് : ” ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ പിതാവ് സദാ പരമേശ്വരീഭക്തനായിരുന്നതിനാൽ അദ്ദേഹം താമസിച്ചിരുന്ന ഗ്രാമത്തിന്റെ ബഹിർഭാഗത്തുണ്ടായിരുന്ന ദേവീക്ഷേത്രത്തിൽ പോയി നിത്യവും ശ്രീ മഹാദേവിക്ക് പാലുകൊണ്ട് അഭിഷേകം കഴിച്ച് പൂജ ചെയ്തുവന്നിരുന്നു. പൂജാ നമസ്കാരാദികൾ കഴിഞ്ഞാൽ അഭിഷേകാവശിഷ്ടമായ പാൽ കൊണ്ടുവന്ന് തന്റെ പുത്രനായിരുന്ന ശങ്കരാചാര്യസ്വാമികൾക്ക് കൊടുക്കുകയും പതിവായിരുന്നു. കുട്ടിയുടെ വിചാരം ‘ശ്രീ മഹാദേവി എല്ലാ ദിവസവും പാല് തന്നത്താൻ പാനം ചെയ്തിട്ട് ശിഷ്ടമുള്ളതാണ് അച്ഛൻ തനിക്ക് കൊണ്ടുവന്നു തരുന്നത് ‘ എന്നായിരുന്നു. ഒരു ദിവസം ഏതോ കാര്യവശാൽ മറ്റൊരു ഗ്രാമത്തിലേക്ക് പോകേണ്ടി വന്നപ്പോൾ പിതാവ് ‘ഞാൻ മടങ്ങി വരുന്നതുവരെ എല്ലാദിവസവും പാലു കൊണ്ടുപോയി ഭഗവതിക്ക് അഭിഷേകം കഴിച്ചു പൂജ നടത്തണം’ എന്ന് ഏൽപ്പിച്ചിട്ട് പോവുകയും ചെയ്തു. അമ്മ നിത്യവും അപ്രകാരം ചെയ്തുകൊണ്ടിരിക്കേ ഒരു ദിവസം പുഷ്പിണിയായി ഭവിച്ചു. ഭവനത്തിൽ വേറെ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ബാലനായ തന്റെ പുത്രനെത്തന്നെ പാലുകൊടുത്ത് ക്ഷേത്രത്തിലേക്ക് പൂജയ്‌ക്കായി പറഞ്ഞയച്ചു. പാലുകൊണ്ടു ഭഗവതിക്ക് അഭിഷേകം നടത്തി പൂജയും കഴിച്ച് മടങ്ങിവരാനായി കുട്ടിയെ പ്രത്യേകം ഏൽപ്പിക്കുകയും ചെയ്തു. കുട്ടിയാവട്ടെ ക്ഷേത്രത്തിൽ ചെന്ന് പൂജ കഴിച്ചു പാല് ദേവിയുടെ മുമ്പിൽ വെച്ച് ‘അംബ! പിബ, പിബ’ (അമ്മേ പരമേശ്വരീ പാനം ചെയ്താലും ! പാനം ചെയ്താലും! ) എന്നുപറഞ്ഞു കാലതാമസം നേരിടുകയും, ഭഗവതി കുടിക്കാതിരിക്കുകയും ചെയ്തു കണ്ടപ്പോൾ കുട്ടി ഉറക്കെ കരയുവാൻ തുടങ്ങി. കുട്ടിയുടെ സങ്കടം കണ്ട് കരുണാശാലിനിയായ ഭഗവതി പ്രത്യക്ഷയായിട്ട് പാലെടുത്തു മുഴുവനും കുടിച്ചു. അനന്തരം വെറും പാത്രത്തെ മാത്രം കണ്ട ബാലകൻ ‘അമ്മ തന്നെ മുഴുവനും കുടിച്ചു, എനിക്കൊട്ടും തന്നെ വെച്ചിട്ടില്ല’എന്നു പറഞ്ഞു വീണ്ടും കരയുവാൻ തുടങ്ങി. അതുകണ്ട ജഗത്മാതാവ് ബാലനെ എടുത്തു മടിയിൽ വെച്ചു വേണ്ടുവോളം മുലപ്പാൽ കൊടുത്തു സന്തോഷിപ്പിച്ചു. ലോകമാതാവിന്റെ മുലപ്പാൽ കുടിച്ച ഉടനെ തന്നെ സകല വിദ്യകളും ബാലന് സ്വയം പ്രകാശിച്ചു. മാത്രമല്ല കവിത ഉണ്ടാക്കിക്കൊണ്ടുതന്നെ കുട്ടി ക്ഷേത്രത്തിൽ നിന്ന് ഭവനത്തിലേക്ക് മടങ്ങുകയും ചെയ്തു . അതേയവസരത്തിൽ തന്നെ അച്ഛനും ഭവനത്തിൽ മടങ്ങിയെത്തി. പുത്രന്റെ അത്യുജ്ജ്വലമായ ആകൃതിയും വാഗ്വിലാസവും കണ്ട് അദ്ദേഹം അത്യന്തം ആശ്ചര്യപ്പെട്ടു. അനന്തരം ശങ്കരാചാര്യരുടെ പിതാവിനോട് ജഗദംബിക സ്വപ്നത്തിൽ ഇങ്ങനെ കൽപ്പിച്ചു. ‘നിന്റെ ഈ ബാലകനാൽ ലോകോദ്ധാരം ഉണ്ടായിത്തീരും; ഇവനെപ്പറ്റി നീ വിചാരപ്പെടേണ്ട; ഇവൻ എന്റേതാണ്.”( 5 ). സാക്ഷാൽ കാർത്യായനി ദേവിയുടെ അനുഗ്രഹം സിദ്ധിച്ചു കഴിഞ്ഞതോടുകൂടി ഉപനയനത്തിനും സമാവർത്തനത്തിനു മുമ്പ് തന്നെ സർവ്വശാസ്ത്രങ്ങളിലും നിഷ്ണാതനായ അത്ഭുത ബാലനായി ശ്രീ ശങ്കരൻ അറിയപ്പെട്ടു. ബാല്യത്തിൽ തന്നെ ശിവഗുരു അന്തരിച്ചു. എഴുത്തിനിരുത്തിയ ഉടനെത്തന്നെ പിതാവ് മരിച്ചു എന്നാണ് ശ്രീ ഉള്ളൂർ എസ് പരമേശ്വരയ്യർ ( 6 )രേഖപ്പെടുത്തുന്നത്. പിതാവിന്റെ മരണവും മാതാവിന്റെ വൈധവ്യദുഃഖവും നിറഞ്ഞ ബാല്യമായിരുന്നു ശ്രീ ശങ്കരന്റേത്. എന്നാൽ ബാലന്റെ മനം നിറയെ സർവ്വസംഗപരിത്യാഗബോധമായിരുന്നു .
കനകധാരാസ്തോത്രം
ശ്രീ ശങ്കരന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ചുള്ള കഥകളിൽ സുപ്രധാനമാണ് കനകധാരാസ്തോത്രത്തിന്റെ കഥ. ശങ്കരാചാര്യരുടെ ബ്രഹ്മചര്യകാലത്ത് ഭിക്ഷാടനം നടത്തുന്ന വേളയിൽ ഒരു ഇല്ലത്തെത്തി. ആ കുടുംബം അതീവ ദരിദ്രരായിരുന്നു, കപോതവൃത്തി എന്നറിയപ്പെടുന്ന ഒരു വിഭാഗമായിരുന്നു അവർ. കൊയ്‌ത്തു കഴിഞ്ഞ വയലിലെ അവശിഷ്ടമായി കിടക്കുന്ന നെല്ല് പെറുക്കി, അതുകൊണ്ട് ഉപജീവനം കഴിക്കുന്ന വിഭാഗമാണ് കപോതവൃത്തി ബ്രാഹ്മണർ (7). അവിടെക്കാണ് ഭിക്ഷാംദേഹിയായ ശങ്കരൻ എത്തുന്നത്. അംബാംദേഹി എന്ന വാക്കുകൾ കേട്ട് ആ ഇല്ലത്തെ അമ്മയ്‌ക്ക് സങ്കടമായി. ഭിക്ഷയായി കൊടുക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വീട് മുഴുവൻ പരതി നോക്കി, ഒടുവിൽ എട്ടുകാലി വല നെയ്തു വെച്ചിരുന്ന ഒരു പാത്രത്തിൽ കിടക്കുന്ന ഉണക്ക നെല്ലിക്ക എടുത്ത് അതീവ ദുഃഖത്തോടെ എന്നാൽ ലജ്ജയോടെ അമ്മ ശങ്കരന്‍റെ ഭിക്ഷാപാത്രത്തിൽ സമർപ്പിച്ചു. ഉപ്പിലിട്ട നെല്ലിക്ക എന്നും പാഠഭേദമുണ്ട്. ആഗ്രഹത്തിലെ ദാരിദ്ര്യം മനസ്സിലാക്കിയ ശ്രീശങ്കരാചാര്യർ മഹാലക്ഷ്മിയെ ധ്യാനിച്ചുകൊണ്ട് സ്തുതിക്കാൻ തുടങ്ങി. അദ്ദേഹം പോയി കഴിഞ്ഞ ശേഷം കനകം കൊണ്ട് ധാരയുണ്ടായി എന്ന മട്ടിൽ സമ്പത്ത് വർദ്ധിച്ചു എന്നാണ് ഐതിഹ്യം. ഇതു സംബന്ധിച്ച് ഉള്ളൂർ ഇപ്രകാരം രേഖപ്പെടുത്തുന്നു: ” ബ്രഹ്മചര്യകാലത്ത് ഒരിക്കൽ അ അമ്മാത്തു ഭിക്ഷ യാചിക്കുവാൻ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ട് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിർമ്മിച്ച് ആകാശത്തിൽ നിന്ന് കനകവര്‍ഷം പെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്‌ത്തുന്നു. ഈ സംഭവം നടന്നത് സ്വാമികൾ സന്യാസിയായി കേരളത്തിലേക്ക് തിരികെ വന്നപ്പോൾ ആണെന്നും ഒരു പക്ഷമുണ്ട്”( 8 ).
ഒരു ഒരു സത്പുത്രന് വേണ്ടി തിങ്കൾ ഭജനം ആരംഭിച്ചിരുന്ന ആര്യാംബ ഭർതൃ വിയോഗത്തിന് ശേഷവും അത് തുടർന്നിരുന്നു. തിങ്കൾ ഭജനത്തിനായി അവർ പൂർണ്ണാനദി കടന്നു വടക്കുന്നാഥനെ തൊഴാൻ പോകുമായിരുന്നു. ആരോഗ്യം ക്ഷയിച്ചതു നിമിത്തം അവർക്ക് കൂടുതൽ യാത്ര ചെയ്യാൻ പറ്റാതെ വന്നു . ഇനിയും തനിക്ക് വടക്കുന്നാഥനെ മുൻപ്രകാരം ചെന്ന് തൊഴാൻ സാധിക്കില്ലല്ലോ എന്ന വ്യഥ അവരിൽ ഉണ്ടായി. അമ്മയുടെ മനമറിഞ്ഞ മകൻ അതിന് പരിഹാരം കണ്ടെത്തി. ഒരു തിങ്കൾ ദിവസം ക്ഷീണിച്ചാണെങ്കിലും വടക്കുനാഥനിലേക്ക് നടന്നുപോവാൻ അവർ നിശ്ചയിച്ചു, പൂർണ്ണാനദിയിൽ സ്നാനം ചെയ്തു മുന്നോട്ടുപോകാൻ ഒരുങ്ങവേ, ഒരു വെള്ളമാനിന്റെ രൂപത്തിൽ ഒരു വെള്ളത്തുള്ളി കാണാനിടയായി. വെളുത്ത മാൻകുട്ടി തുള്ളി കളിക്കുന്നത് കാണാനിടയായി എന്നും പറയപ്പെടുന്നു. അമ്മ അവിടേക്ക് ചെന്നപ്പോൾ മാൻ തുള്ളി മറയുകയും അവിടെ ഒരു ശിവലിംഗം കാണാനിട വരികയും ചെയ്തു. പരീക്ഷിണിതയായ ആര്യ അന്തർജനത്തിന് നിത്യേന തൊഴാൻ ശ്രീ വടക്കുംനാഥൻ പ്രത്യക്ഷപ്പെട്ടതാണ് എന്നാണ് ഐതിഹ്യം.( 9 ).ആ ക്ഷേത്രം തിരുവെള്ളമാൻ തുള്ളി ക്ഷേത്രം എന്നറിയപ്പെടുന്നു.
പൂർണ്ണാനദിയിൽ നിത്യേന സ്നാനം ചെയ്ത് ക്ഷേത്രദർശനം നടത്തുക, വ്രതോപവാസാദികൾ അനുഷ്ഠിക്കുക എന്നത് ആ അമ്മയുടെ നിത്യവൃത്തിയായിരുന്നു. പ്രായം കൊണ്ട്, വൈധവ്യദുഃഖം കൊണ്ട് എല്ലാം ആ അമ്മ ദുഃഖിതയായിരുന്നു. അതുകൊണ്ടു തന്നെ നിത്യവും പെരിയാറിന്റെ കടവിലെത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു കഠിനപ്രയത്നമായി പരിണമിച്ചു. ഒരു ദ്വാദശി ദിനം വ്രതപൂർത്തിയുടെ അവഗാഹ സ്നാനത്തിനായി പൂർണ്ണയിൽ പോയി മടങ്ങവേ അമ്മ തലകറങ്ങി വീണു. അത് കണ്ട് ബാലശങ്കരൻ ‘ഇനിമുതൽ അമ്മയ്‌ക്ക് മുങ്ങിക്കുളിക്കാനായി പൂർണ്ണാനദി ഇല്ലത്തിനടുത്തേക്ക് വരുമെന്ന് പറഞ്ഞു. അന്ന് രാത്രി പെയ്ത ശക്തമായ മഴയിൽ പൂർണാ നദി എന്നറിയപ്പെടുന്ന ചാലിയാർ ദിശ മാറി ശങ്കരന്റെ ഇല്ലത്തിനടുത്തു കൂടെ ഒഴുകുകയും ചെയ്തു.
മുതലക്കടവിന്റെ കഥ
പെരിയാറിൽ ഒരു സ്ഥലത്തിന്റെ പേര് മുതലക്കടവ് എന്നാണ്. ശ്രീ ശങ്കരന് ബാല്യത്തിൽ തന്നെ സന്യാസം സ്വീകരിക്കാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ ഈ ആഗ്രഹം അദ്ദേഹത്തിന്റെ അമ്മയ്‌ക്ക് സമ്മതമായിരുന്നില്ല. അമ്മയുടെ അനുഗ്രഹത്തോടും കൂടെയല്ലാതെ സന്യാസം സാധ്യമല്ലെന്ന് ശങ്കരന് മനസ്സിലായി. ഒരു ദിവസം പെരിയാറിൽ അഥവാ പൂർണ നദിയിൽ അമ്മയോടൊപ്പം കുളിക്കാൻ ഇറങ്ങിയ ശങ്കരൻ, പൂർണ്ണ നദിയിൽ നീന്തി കളിക്കുകയായിരുന്നു. അവിടേക്ക് ഒരു ഭീമാകാരനായ മുതല വരുന്നതുകൊണ്ട് ശങ്കരന്റെ ചങ്ങാതിമാരായ മറ്റു ബാലകന്മാർ നീന്തി കരയ്‌ക്ക് കയറി. അമ്മയും ബാലകന്മാരും കരയിൽ നിന്ന് ഒച്ചയുണ്ടാക്കി നീന്തലിൽ മുഴുകിയ ശങ്കരന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കിയെങ്കിലും, മുതലയുടെ സാമീപ്യം മനസ്സിലാകാതെ ആ കുട്ടി നീന്തി തുടിക്കുകയായിരുന്നു. തന്റെ അടുത്തെത്തിയ മുതലേ കണ്ട് ഞെട്ടിയ ശങ്കരൻ കരയിൽ നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് നീന്താൻ ശ്രമിച്ചെങ്കിലും മുതല കാലിൽ കടിച്ചതുകൊണ്ട് മുന്നോട്ടു നീങ്ങാനായില്ല. മകനെ വിളിച്ചു അമ്മ കരയാൻ തുടങ്ങി. തന്നെ സന്യസിക്കാൻ അമ്മ അനുവദിക്കുകയാണെങ്കിൽ ഈ മുതല തന്നെ സ്വതന്ത്രമാക്കും എന്നും, അല്ലാത്തപക്ഷം അത് തന്നെ കൊന്നു തിന്നുമെന്നും ശങ്കരൻ അമ്മയെ കരഞ്ഞറിയിച്ചു. ‘മകൻ ജീവനോടെ ഇരിക്കാൻ, മുതലയിൽ നിന്ന് രക്ഷപ്പെടാൻ സന്യസിച്ചു കൊള്ളട്ടെ’എന്ന് അമ്മ കരഞ്ഞുകൊണ്ട് അനുവാദം അറിയിച്ചു. മുതല ശങ്കരന്റെ കാലിൽ നിന്ന് പിടിവിട്ട് ദൂരേക്ക് നീന്തി പോയി. ശങ്കരൻ നീന്തി അമ്മയ്‌ക്ക് അരികിലേക്ക് എത്തി. ഈ സംഭവം നടന്ന പുഴക്കടവിനെയാണ് മുതലക്കടവ് എന്ന് പിന്നീട് അറിയപ്പെട്ടത്.
അതിനുശേഷം ഒരു ഗുരുവിനെ തേടി സന്യാസിയായി ശങ്കരൻ അമ്മയുടെ അനുഗ്രഹവും വാങ്ങി യാത്ര ആരംഭിച്ചു. താൻ എപ്പോൾ ആഗ്രഹിക്കുന്നുവോ ആ സമയത്ത് മകൻ അടുത്തുണ്ടാവണമെന്ന് ഒരു വ്യവസ്ഥ ആര്യാംബാഅന്തർജ്ജനം മുന്നോട്ടു വച്ചിരുന്നു. ശങ്കരൻ അതു പാലിക്കാൻ വേണ്ടി കേരളത്തിൽ വീണ്ടും എത്തിയിരുന്നു. ശങ്കരൻ ഗോവിന്ദഭഗവത്പാദരെ കണ്ടെത്തുകയും ശിഷ്യത്വം സ്വീകരിക്കുകയും, ശങ്കര ദിഗ്വിജയം ആരംഭിക്കുകയും ചെയ്ത കഥകൾ പ്രസിദ്ധമാണ്. ഭാരതത്തിന്റെ നാലു ഭാഗങ്ങളിലായി നാലു മഠങ്ങളെ സ്ഥാപിച്ചുകൊണ്ട് അദ്വൈത സിദ്ധാന്തത്തിന്റെ പ്രചരണം ശക്തമാക്കുകയും, വേദ വേദാന്ത ചിന്തകളെ കൊണ്ടും തന്ത്രിക ക്രിയാപദ്ധതികളെ കൊണ്ടും ഈശ്വര സാക്ഷാത്കാരം സാധ്യമാണെന്ന സനാതന സത്യത്തെ അരക്കിട്ടുറപ്പിച്ച ശ്രീ ശങ്കരാചാര്യർ ശ്രീപരമശിവന്റെ അവതാരം തന്നെയാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.
ശ്രീ ശങ്കരാചാര്യരെ കുറിച്ച് വില്യം ലോഗൻ അന്ന് പ്രചാരത്തിൽ ഇരുന്ന ചില ഐതിഹ്യങ്ങളെ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലോഗൻ രേഖപ്പെടുത്തിയ ശങ്കരകഥകൾ
മലബാർ മാന്വലിൽ വില്യം ലോഗൻ ശങ്കരാചാര്യരെ കുറിച്ച് വിവരിക്കുന്നുണ്ട്. അക്കാലത്ത് ശങ്കരാചാര്യരെ കുറിച്ച് കേട്ട നാട്ടുവിവരണങ്ങളാണ് ഏറെയും ലോഗൻ രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ പലതിലുമുള്ള യുക്തി ഇല്ലായ്മയെ അദ്ദേഹം പലയിടങ്ങളിൽ സൂചിപ്പിക്കുന്നുമുണ്ട്. കേരളോല്പത്തിയെ ആധാരമാക്കി ശങ്കരാചാര്യർ ഒരു ബ്രാഹ്മണ വിധവയുടെ മകനാണ് (10)എന്ന പരാമർശത്തെ ലോഗൻ സൂചിപ്പിക്കുകയും അതിലെ വസ്തുതാരഹിത്യം വിവരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വന്തക്കാരാൽ പരിത്യജിക്കപ്പെട്ട ഒരു ബ്രാഹ്മണബാലനാണ് ശങ്കരൻ എന്ന കാര്യം അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്. കാലടി ഗ്രാമത്തിലെ കൈപ്പള്ളി തറവാട്ടിലാണ് ശങ്കരൻ ജനിച്ചതെന്ന ഐതിഹ്യത്തെ സൂചിപ്പിക്കുന്ന ലോഗൻ, “നന്നേ ചെറുപ്രായത്തിൽ തന്നെ, നമ്പൂതിരിമാർക്ക് മാത്രം സ്വായത്തമെന്ന് കരുതപ്പെട്ട വേദവിജ്ഞാനങ്ങളെയും പഠനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു തുടങ്ങിയെന്നും ഇതിൽ കുപിതരായ നമ്പൂതിരിമാർ ശങ്കരന്റെ കുടുംബത്തെ സമുദായ ഭ്രഷ്ട് കല്പിച്ചു പുറന്തള്ളി എന്നുമാണ് കഥ(11) ” എന്ന് രേഖപ്പെടുത്തുന്നു. ശ്രീ വേദവ്യാസനെ ശങ്കരാചാര്യർ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടിക്കാലത്ത് കുറേക്കാലം അവർ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും ലോഗൻ രേഖപ്പെടുത്തുന്നു. വ്യാസനുമായുള്ള മറ്റൊരു ഐതിഹ്യകഥയും ലോഗൻ വിവരിക്കുന്നുണ്ട് : “വ്യാസ മഹർഷിയുമായുള്ള ആദ്യത്തെ സമാഗമത്തിൽ മഹർഷിയെ ശങ്കരൻ വാദിച്ചു പരാജയപ്പെടുത്തി എന്നും പരാജിതനും ‘വകതിരിവില്ലാത്തവനുമായ തന്തബ്രാഹ്മണനെ’ കാലിനു പിടിച്ചു വലിച്ചിഴച്ച് ദൂരെ കളയാൻ തന്റെ ശിഷ്യഗണങ്ങളോട് ശങ്കരൻ ആജ്ഞാപിച്ചു എന്നുമാണ്. ഒടുവിൽ അവർ രഞ്ജിപ്പിലെത്തുകയും ശങ്കരാചാര്യരുടെ വേദാന്ത ചിന്തകളെ വ്യാസമഹർഷി അംഗീകരിക്കുകയും ചെയ്തുവത്രേ”(12) എന്നാൽ ഈ ഐതിഹ്യം ശങ്കരാചാര്യർ കേരളത്തിന് വെളിയിലേക്ക് തന്റെ യാത്ര ആരംഭിച്ചതിനുശേഷം നടന്ന ഒന്നാണ്. ശങ്കരാചാര്യരെ കുറിച്ച് പല വിവരണങ്ങളും അഭിപ്രായഭിന്നതകളും ഉണ്ടെങ്കിലും ഏക സ്വരത്തിൽ അംഗീകരിക്കുന്ന ഒരു വസ്തുത എന്താണെന്നു ലോഗൻ വിവരിക്കുന്നുണ്ട് ” നീണ്ട ദേശാടനത്തിന് ശേഷം അദ്ദേഹം സ്വദേശത്തേക്ക് മടങ്ങിവന്ന് മാതാവിനു വേണ്ടിയുള്ള ശ്രാദ്ധകർമ്മങ്ങൾ നിർവ്വഹിച്ചുവെന്നാണ്. ഈ ശ്രാദ്ധകർമ്മങ്ങളിലും സ്വന്തം സമുദായം (ബ്രാഹ്മണർ )പങ്കെടുക്കാതെ മാറിനിന്നിരുന്നതുകൊണ്ട് ബ്രാഹ്മണ കുടുംബത്തിലെ പ്രായം കുറഞ്ഞ ഒരംഗം സാധാരണഗതിയിൽ ചെയ്യേണ്ടതായ ഒരു ചടങ്ങിന് ഒരു ശൂദ്രനെ പരികർമ്മിയായി വിളിക്കേണ്ടിവന്നു . ഈ സംഭവത്തിനുശേഷമാണ് ‘ശൂദ്രനില്ലാത്ത ഒരു ചടങ്ങ്’ ബ്രാഹ്മണനോ ബ്രാഹ്മണനില്ലാത്ത ഒരു ചടങ്ങ് ശൂദ്രനോ ഇല്ലെന്ന ആചാരം പ്രാബല്യത്തിൽ വന്നതെന്ന് പറയുന്നുണ്ട് “(13).
അക്കാലത്തെ കേരള നമ്പൂതിരിമാരുടെ ശങ്കരാചാര്യ വിരോധം പ്രബലമാണെന്ന കാര്യം ചരിത്രപ്രസിദ്ധമാണ്. മലബാർ മാനുവലിൽ ‘ജനങ്ങൾ’ എന്ന ഭാഗത്ത് കേരളത്തിലെ ജാതി സമ്പ്രദായങ്ങളെയും ജാതികളെയും വിവരിക്കുന്ന ലോഗൻ ശാങ്കരസ്മൃതിയെ വിശദീകരിക്കുന്നുണ്ട്. 64 അനാചാരങ്ങൾ ശങ്കരാചാര്യർ നിർവഹിച്ചതാണ് എന്ന ബ്രാഹ്മണ വാദത്തെ ലോഗൻ തള്ളിക്കളയുന്നുണ്ട് (14). കൊല്ലവർഷം ഒന്നാം തീയതി അതായത് എ ഡി 825 ഓഗസ്റ്റ് 25ന് സാക്ഷാൽ ശങ്കരാചാര്യർ തന്നെ കൊല്ലത്ത് വെച്ച് ഉദ്ബോധിപ്പിച്ചതാണ് ഈ 64 അനാചാരങ്ങൾ എന്ന് ‘ആചാര്യ വാഗഭേദ്യാ ‘ എന്ന സംസ്കൃതവാക്യത്തെ കടപയാദി ഗണനസമ്പ്രദായമനുസരിച്ച് ചില വിഭാഗങ്ങൾ വിസ്തരിക്കാൻ ശ്രമിക്കുന്നതിനെ ലോഗൻ യുക്തിയുക്തം തള്ളിക്കളയുന്നുണ്ട്. ഈ 64 അനാചാരങ്ങളുടെ കർത്താവ് ശങ്കരാചാര്യർ അല്ല എന്ന കാര്യത്തെ ലോഗൻ അടിവരയിട്ടുറപ്പിക്കുന്നുണ്ട്.
കൊല്ലവർഷം സംബന്ധിച്ച് അക്കാലത്ത് നിലവിലുണ്ടായിരുന്ന വാദങ്ങളെ,വാമൊഴി വിശ്വാസങ്ങളെ ലോഗൻ വിവരിക്കുന്നതിൽ ശങ്കരപരാമർശം ഉണ്ട്: ” കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ താമസിക്കുന്ന ബ്രാഹ്മണരും തെക്കൻ ഭാഗങ്ങളിൽ താമസിക്കുന്ന ബ്രാഹ്മണരും ശങ്കരാചാര്യരുടെ അദ്വൈത വേദാന്ത ദർശനങ്ങൾ സാർവത്രികമായി അംഗീകരിക്കാൻ തെരഞ്ഞെടുത്ത രണ്ടു വ്യത്യസ്ത ദിവസങ്ങളാണ് വടക്കൻ കൊല്ലവർഷത്തിന്റെയും തെക്കൻ കൊല്ലവർഷത്തിന്റെയും പിറവിക്കക്ക് നിദാനമത്രേ. ‘ആചാര്യ വാഗഭേദ്യാ ‘എന്ന കലിയുഗ കാലനിർണയഗണിതം ഇതിന് ഉപോദ്ബലകമായി എടുക്കാമെങ്കിലും സ്ഥിരീകരണത്തിന് ചരിത്രപരമായ തെളിവുകളൊന്നുമില്ലെന്നതാണ് സത്യം”.
ശ്രീ പരമേശ്വരന്റെ അവതാരമായി വരുന്ന ശ്രീ ശങ്കരാചാര്യർ കേരളത്തിലെ ജാതി സമൂഹങ്ങളുടെ കുലധർമ്മം നിശ്ചയിച്ചു എന്ന കേരളോൽപ്പത്തിയിലെ പരാമർശത്തെയും വില്യം ലോഗൻ തന്റെ മാന്വലിൽ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതിലെ യുക്തിയില്ലായ്മയെയും ലോഗൻ സൂചിപ്പിക്കുന്നുണ്ട്. ശങ്കരാചാര്യരുടെ സ്വർഗാരോഹണദിനമാണ് കൊല്ലവർഷാരംഭത്തിന്റെ നിദാനം എന്ന സൂചനയും മാന്വലിൽ കാണാം. ശ്രീ ശങ്കരാചാര്യരെ കുറിച്ച് ഇത്രയേറെ വിവരണങ്ങൾ മലബാർ മാന്റിൽ കാണുമ്പോൾ തന്നെ ശങ്കരന്റെ സ്വാധീനം നൂറ്റാണ്ടുകൾക്കു മുമ്പ് എത്ര ആഴത്തിൽ ഉണ്ടായിരുന്നു എന്ന് ബോധ്യമാവും. ശങ്കരാചാര്യരെ ഒഴിവാക്കിക്കൊണ്ട് കേരള ജനതയുടെ നാൾവഴി ജീവിതത്തെ വിസ്തരിക്കാൻ ആവില്ല എന്ന ബോധ്യം പാശ്ചാത്യർക്ക് ഉണ്ടായിരുന്നു എന്നുവേണം ഇതിൽനിന്നും അനുമാനിക്കാൻ.
ഉള്ളൂർ രേഖപ്പെടുത്തിയ ശങ്കരകഥകള്‍
കേരള സാഹിത്യ ചരിത്രത്തിന്റെ ഒന്നാമത്തെ വാള്യത്തിൽതന്നെ മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യർ ശങ്കരാചാര്യരെ കുറിച്ച് വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിലേറെയും അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന നാട്ടുവഴക്കങ്ങൾ ആയിരുന്നു. അഥവാ വാമൊഴിയായുള്ള ശങ്കര കഥകൾ ആയിരുന്നു ഏറെയും പ്രതിപാദിച്ചിരിക്കുന്നത്. അതിൽ ചിലവ മുൻപേ തന്നെ ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. ശങ്കരാചാര്യർ രചിച്ച ശിവഭുജംഗം,വിഷ്ണുഭുജംഗം എന്നിവയുടെ രചനയെ കുറിച്ച് ഉള്ളൂർ പറയുന്നുണ്ട്.ശൃംഗേരിയിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ അമ്മയ്‌ക്ക് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞ് അവിടെ നിന്നു പുറപ്പെട്ടു കാലടിയിൽ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്ന് പ്രാർത്ഥിക്കുകയാൽ ആദ്യം ശിവഭുജംഗം ഉണ്ടാക്കി ചൊല്ലുകയും അതുപോരെന്നു പറകയാൽ വിഷ്ണുഭുജംഗം ഉണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു “. (15) അമ്മയുടെ മരണശേഷം അപരക്രിയ ചെയ്യാൻ സഹായിക്കാത്ത അവിടുത്തെ നമ്പൂതിരി മാരെ സ്വാമികൾ ശപിച്ചതായി ഉള്ളൂർ രേഖപ്പെടുത്തുന്നുണ്ട് (16).
സ്വാമികൾ ബദരികാശ്രമത്തിലാണ് സമാധിയായതെന്നും അതല്ല ശൃംഗേരിയിലാണ് എന്നും കേരളത്തിന് പുറത്ത് വിവിധങ്ങളായ അഭിപ്രായങ്ങളുണ്ട്. എന്നാൽ കാശ്മീരിൽ ശാരദാ പീഠത്തിന്റെ പുരോഭാഗത്തുള്ള സർവ്വജ്ഞ പീഠത്തിൽ ആരോഹണം ചെയ്തു എന്നും അതിനുശേഷം ശൃംഗേരി, ജഗന്നാഥം, ദ്വാരക,ബദരി എന്നിവിടങ്ങളിൽ നാലു മഠങ്ങൾ സ്ഥാപിച്ചു ശാരദാപ്രതിഷ്ഠ നിർവഹിച്ച്, സുരേശ്വരൻ,തോടകൻ,ഹസ്താമലകൻ, പത്മപാദൻ എന്നീ ശിഷ്യന്മാരെ മഠാധിപതികൾ ആക്കി എന്നും പറയപ്പെടുന്നു. എന്നാൽ കേരളത്തിൽ ശങ്കരാചാര്യസ്വാമികളുടെ ഈ ശിഷ്യന്മാർ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നാല് മഠങ്ങൾ ഉണ്ട്. അത് യഥാക്രമം നടുവിൽ മഠം, വടക്കേ മഠം,ഇടയിൽ മഠം,തെക്കേ മഠം എന്നിവയാകുന്നു. ഈയൊരു നാട്ടു വഴക്കത്തെ ഉള്ളൂർ ഉൾക്കൊള്ളുകയും കേരള സാഹിത്യ ചരിത്രത്തിൽ വിസ്തരിക്കുകയും ചെയ്യുന്നുണ്ട്. ” സ്വാമികൾ തൃശ്ശൂരിൽ വച്ചാണ് ദേഹവിയോഗം ചെയ്തത് എന്നുള്ളതിന് വടക്കുംനാഥ ക്ഷേത്രത്തിലെ മതിൽക്കകത്തുള്ള ശംഖചക്ര കുടീരത്തിനു പുറമേ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അവിടെ സ്ഥാപിച്ച നാല് സന്യാസി മഠങ്ങളും ജ്ഞാപകങ്ങളാണ്.” എന്നുപറയുന്ന ഉള്ളൂർ, “ആ ആചാര്യന്മാർ പ്രസ്തുത മഠങ്ങൾ സ്ഥാപിച്ചത് തങ്ങളുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടെക്കൂടെ സന്ദർശിച്ചു വന്ദിക്കുന്നതിന് ആയിരുന്നു എന്നു പറഞ്ഞു വരുന്നു ” എന്ന വിശ്വാസത്തെ അസന്ദിഗ്‌ദ്ധമായി രേഖപ്പെടുത്തുന്നു ( 17).
കേരളത്തിലെ പ്രസിദ്ധ കവിയായിരുന്ന ശക്തിഭദ്രകവിയെ ശ്രീ ശങ്കരാചാര്യർ കണ്ടുമുട്ടുന്ന സന്ദർഭത്തെ ഉള്ളൂർ വിശദീകരിക്കുന്നുണ്ട്. ശങ്കരാചാര്യർ തിരുവിതാംകൂറിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ചെങ്ങന്നൂരിൽ വച്ച് ശക്തിഭദ്രൻ അദ്ദേഹത്തെ സന്ദർശിക്കുകയും, തന്റെ ആശ്ചര്യചൂഡാമണി എന്ന നാടകം വായിച്ചു കേൾപ്പിക്കുകയും ചെയ്തു. എന്നാൽ അതു കേട്ട ശങ്കരാചാര്യർ മൗനം അവലംബിക്കുകയും അവിടെ നിന്ന് പോവുകയും ചെയ്തു. ഇതിൽ ദുഃഖിതനായ ശക്തിഭദ്രൻ ആശ്ചര്യചൂഡാമണി എന്ന തന്റെ ഗ്രന്ഥത്തെ തീയിലിട്ടു ചുട്ടു കളഞ്ഞു. ദേശാടനം കഴിഞ്ഞ് ശങ്കരാചാര്യർ വീണ്ടും ചെങ്ങന്നൂരിലെത്തി ശക്തിഭദ്രനെ വിളിച്ചുവരുത്തി ആശ്ചര്യചൂഡാമണി എവിടെ എന്ന് അന്വേഷിച്ചു. അതു താൻ ചുട്ടു കളഞ്ഞെന്ന് ശക്തിഭദ്രൻ പ്രതിവചിച്ചു. മുൻപ് ശക്തിഭദ്രൻ ചൊല്ലിക്കൊടുത്ത ആശ്ചര്യചൂഡാമണി ആദിമധ്യാന്തം ശങ്കരാചാര്യർ പറഞ്ഞു തുടങ്ങി, അതുകേട്ട് ശക്തിഭദ്രൻ വീണ്ടും അത് എഴുതിയെടുത്തുവത്രെ. എന്നാൽ ഇത്തരം കഥകൾ പലയിടത്തും കാണാമെന്നു പറയുന്ന ഉള്ളൂർ, ശ്രീശങ്കരന്റെ ബാല്യകാലത്ത് അദ്ദേഹത്തെ കാണാൻ എത്തിയ രാജശേഖരൻ എന്ന നാട്ടുരാജാവ് താൻ എഴുതിയ മൂന്നു നാടകങ്ങൾ ശങ്കരന് വായിച്ചു കേൾപ്പിക്കുകയും അതേക്കുറിച്ച് ചർച്ച നടത്തുകയും ചെയ്ത കഥയെയും സൂചിപ്പിക്കുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞ് ശങ്കരൻ സന്ന്യാസം സ്വീകരിച്ച് ആചാര്യപദവിയിൽ എത്തിയശേഷം പ്രസ്തുത രാജശേഖരൻ എന്ന രാജാവ് തന്റെ വൃദ്ധാവസ്ഥയിൽ അതീവ വിനയത്തോടെ ആചാര്യനെ സമീപിച്ച് നമസ്കരിക്കുന്ന സന്ദർഭമുണ്ട്. കുറേ കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം തിരിച്ചുപോവാനിറങ്ങിയ രാജശേഖരനോട് ആചാര്യർ കുട്ടിക്കാലത്ത് തന്നെ വായിച്ചു കേൾപ്പിച്ച നാടകങ്ങളെ കുറിച്ച് അന്വേഷിക്കുന്നു. കൊട്ടാരം കത്തി നശിച്ച വേളയിൽ അവയെല്ലാം നഷ്ടപ്പെട്ടുപോയി ഇന്ന് രാജാവ് പ്രതിവചിച്ചു. ശങ്കരാചാര്യർ ആ മൂന്നുനാടകങ്ങളെയും തന്റെ ഓർമ്മയിൽ നിന്നെടുത്ത വിസ്തരിച്ചു തുടങ്ങി. രാജാവ് വിസ്മയം പൂണ്ടു. ഇത്തരം ഐതിഹ്യങ്ങളെ രേഖപ്പെടുത്തുന്ന ഉള്ളൂർ, പക്ഷേ ശാങ്കരസ്മൃതിയെ ശങ്കരവിരിചിതമെന്ന് പ്രചരിപ്പിക്കപ്പെടുന്നതിനെ നഖശിഖാന്തം എതിർക്കുന്നുണ്ട്. ‘ഏതോ ഒരു ശങ്കരൻ നമ്പൂതിരിയുടെ കൃതി എന്നല്ലാതെ അത് ഭഗവത്പാദരുടെ നിബന്ധമാണെന്ന് പറയാൻ യാതൊരു നിർവാഹവും കാണുന്നില്ല’ (18) എന്ന് ഉള്ളൂർ പരിഹസിക്കുന്നുണ്ട്. ഉള്ളൂർ ഭഗവത്പാദരുടെ ജീവിത മുഹൂർത്തങ്ങൾ മാത്രമല്ല സാഹിത്യത്തെയും ആപാദചൂഢം വിസ്തരിക്കുന്നുണ്ട്.
തെയ്യത്തിലെ ശങ്കരസങ്കല്പം
ശങ്കരാചാര്യരെ കുറിച്ച് ഇത്രയും സൂചിപ്പിച്ചത് വാമൊഴിയായ വിശ്വാസ കഥകളുടെ അച്ചടിക്കപ്പെട്ട പാഠങ്ങളെ ആസ്പദമാക്കിയാണ്. അവയെല്ലാം അച്ചടിയിലേക്ക് പരാവർത്തനം ചെയ്യപ്പെട്ട വാമൊഴി വഴക്കങ്ങൾ ആണ്. ശങ്കരാചാര്യർക്ക് ഉണ്ടായിരുന്ന അദ്വൈതബോധം എന്ന ജ്ഞാനത്തെ അനുഭൂതി തലത്തിലേക്ക് എത്തിച്ചത് സംബന്ധിച്ച ഐതിഹ്യവും അതിന്റെ പ്രകടനപരതയും ഇന്നും ഉത്തരകേരളത്തിലെ തെയ്യം എന്ന അനുഷ്ഠാനത്തിലൂടെ കാണാവുന്നതാണ്.
പൊട്ടൻ തെയ്യം എന്ന ദേവതാസങ്കല്പം ഉത്തര കേരളത്തിൽ പ്രസിദ്ധമാണ്. സാക്ഷാൽ ശ്രീ പരമേശ്വരൻ ഒരു പുലപ്പൊട്ടന്റെ വേഷത്തിലും ശ്രീ പാർവതി പുലയിയുടെ വേഷത്തിലും ശങ്കരാചാര്യരും ശിഷ്യന്മാരും നടക്കുന്ന വഴിക്ക് എതിരെ നടന്നു തുടങ്ങി. അദ്വൈത വേദാന്തത്തെ പ്രചരിപ്പിച്ച ശങ്കരാചാര്യർക്ക് പെട്ടെന്ന് തന്റെ മുന്നിലേക്ക് നടന്നുവരുന്ന പുലയന്റെ സാന്നിധ്യം കൊണ്ട് അയിത്തബോധം ഉണ്ടായി. തനിക്കെതിരെ വരുന്ന പുലയനോട് വഴിമാറി നടക്കാൻ ശങ്കരാചാര്യർ ആവശ്യപ്പെട്ടു. പൊട്ടൻ തെയ്യത്തിന്റെ തോറ്റം പാട്ടിൽ അത് പറയുന്നത് ഇപ്രകാരമാണ് :
” വരമ്പത്ത് പൊട്ടനെ കണ്ടൊരു നേരം
ഓരത്തുപറഞ്ഞു ചൊവ്വറ് താനും
വയി(ഴി)തെറ്റ് വയിതെറ്റ് ചിന്നപ്പുലയാ
വയിതെറ്റ് വയിതെറ്റ് ചിന്നപ്പുലയീ “
അങ്ങോട്ടും ഇങ്ങോട്ടും വഴിമാറാൻ പറ്റാതെ ബുദ്ധിമുട്ടിയ പുലയൻ ആചാര്യന്റെ മനസ്സ് തിരിച്ചറിഞ്ഞു. കുലവ്യത്യാസം കൊണ്ട് അയിത്തം ആചരിക്കുന്ന ചൊവ്വറുടെ (ആചാര്യരുടെ) ചിന്തയെ
” നിങ്കളെ കൊത്ത്യാലും ചോര തന്നെ ചൊവ്വറെ
നാങ്കളെ കൊത്ത്യാലും ചോരതന്നെ ചൊവ്വറെ
പിന്ന്യെന്തേ ചൊവ്വറെ കുലം പിശക്ന്നേ”
എന്ന് ചോദിച്ചു കൊണ്ട് പുലയൻ അദ്വൈതം എന്നത് കേവലം ജ്ഞാനം അല്ല എന്നും, അത് അനുഭൂതി തലങ്ങളിലേക്ക് ഉയർത്തപ്പെടേണ്ടതാണ് എന്നുമുള്ള തിരിച്ചറിവ് നൽകിക്കൊണ്ട് കാര്യങ്ങൾ വിസ്തരിക്കുന്നു. ഈ സങ്കല്പത്തിലാണ് പൊട്ടൻ തെയ്യത്തിലെ തോറ്റംപാട്ട് ചമച്ചിരിക്കുന്നത്. തന്റെ മുന്നിൽ വന്നു നിൽക്കുന്ന പുലയനും പുലയിയും നിസ്സാരന്മാർ അല്ലെന്നും മുന്നിലെത്തിയത് പാർവതീപരമശിവന്മാരാണെന്നും തിരിച്ചറിഞ്ഞ ശങ്കരാചാര്യർ പൊട്ടൻ ദൈവത്തെ നമസ്കരിക്കുന്നു. യഥാർത്ഥ ജ്ഞാനത്തെ തനിക്ക് നൽകിയ പുലയനെ തൊഴുതു കൊണ്ടാണ് ശങ്കരാചാര്യർ മുന്നോട്ടുനടന്നത്. ഞാനും നിങ്ങളും ഒന്നു തന്നെയെന്ന്, എല്ലാം ഒന്നിന്റെതന്നെ പ്രകാശങ്ങളെന്ന്, ചൊല്ലി വിസ്തരിച്ച പുലയനെ ശങ്കരാചാര്യരുടെ സഹചാരികൾ ആയിരുന്ന അല്പജ്ഞാനികൾക്ക് അത്ര ഇഷ്ടമായില്ല. പരമശിവന്റെ പുലയരൂപത്തെ അവർ പിടിച്ചു തീയിലെറിഞ്ഞത്രെ ! അവരെ നോക്കി പൊട്ടൻ ഉറക്കെ ചിരിച്ചുവത്രെ. പൊട്ടൻ തെയ്യം ഉറഞ്ഞാടി, പരകോടിയിലെത്തുമ്പോൾ മേലേരിയിലേക്ക്( കനൽ കൂമ്പാരം)ചാടി വീണു കിടക്കുകയും, അതിൽനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിന്നനുസരിച്ച് കാലിൽമേൽ കാലുകയറ്റി വെച്ച് മലർന്നുകിടന്ന് ഉറക്കെ ചിരിക്കുകയും ചെയ്യുന്ന രംഗം തെയ്യംകെട്ടലിൽ പതിവാണ്. മലർന്നു കിടന്ന് പൊട്ടൻ തെയ്യം ഉറക്കെ ചിരിക്കുന്നത് ആ ഒരു ഐതിഹ്യ കഥയുടെ പ്രകടനപരതയത്രെ.
ശങ്കരാചാര്യരും കേരളീയക്ഷേത്രങ്ങളും
ഒട്ടുമിക്ക മഹാക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ശ്രീ ശങ്കരാചാര്യകഥകൾ കേരളത്തിൽ സുലഭമാണ്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ചിട്ട ഉണ്ടാക്കിയത് ശങ്കരാചാര്യരാണ് എന്ന് സമൂഹം വിശ്വസിക്കത്തക്ക വിധത്തിൽ ഉള്ള കഥകളാണ് അതിലേറെയും. അതായത് തങ്ങളുടെ ആദ്ധ്യാത്മിക ചര്യകളുടെ മാർഗ്ഗനിർദ്ദേശസ്ഥാനം ആചാര്യ ഭഗവത്പാദരാണെന്ന ‘ഉപബോധം’ കേരളീയ മനസ്സിൽ ഇന്നും നിലനിൽക്കുന്നു.
ശങ്കര വിജയത്തിന് ശേഷം കേരളത്തിൽ എത്തിയ ഭഗവത്പാദർ, കേരളത്തിന്റെ പലയിടങ്ങളിലും സഞ്ചരിച്ചുവത്രേ. ശ്രീ ശങ്കരൻ തന്റെ യോഗ സിദ്ധി കൊണ്ട് ആകാശം മാർഗ്ഗത്തിലൂടെ യും സഞ്ചരിച്ചിരുന്നതായി പറയപ്പെടുന്നു. ഒരിക്കൽ ആകാശമാർകെ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ ഗുരുവായൂർ അമ്പലത്തിനു മുകളിലൂടെ പോകാനിടയായി. ശൈവംശഭൂതനായ ശങ്കരാചാര്യർ ശ്രീ മഹാവിഷ്ണുവിനെ ഗുരുവായൂരപ്പനെ വണങ്ങിയില്ല. ആ സമയം ഗുരുവായൂരിൽ ശീവേലി നടക്കുന്ന സന്ദർഭമായിരുന്നു. ഗുരുവായൂരപ്പൻ ഒരു മാത്ര ശങ്കരാചാര്യരുടെ യോഗസിദ്ധിയെ സ്തംഭിപ്പിച്ചു. ആചാര്യൻ ശീവേലിക്കു മുൻപിലേക്ക് ആകാശത്തുനിന്നു വീണുവത്രേ. ആ സമയത്ത് വടക്കേ നടപ്പന്തലിലേക്ക് ശിവേലി കടന്നിരുന്നു. അതിനു മുമ്പിലേക്കാണ് ആചാര്യ ഭഗവത് പാദർ ആകാശത്തു നിന്ന് വീണതത്രെ. തന്റെ തെറ്റു മനസ്സിലാക്കിയ ശങ്കരാചാര്യർ ഭഗവാനെ സ്തുതിച്ചു. മാത്രവുമല്ല ഒരു മണ്ഡലക്കാലം അവിടെ ഭജനവും ഇരുന്നു. ആ സമയത്ത് ഗുരുവായൂരിലെ നിത്യനിദാന വിശേഷ വിധികൾ ശങ്കരാചാര്യർ ക്രമപ്പെടുത്തുകയും ചെയ്തുവത്രേ. ശീവേലി എത്തുമ്പോൾ ഒരു മാത്ര മേളം നിർത്തുന്നത് ഈ ശങ്കരകഥയെ ഓർമ്മിപ്പിക്കുവാൻ ആണത്രേ.
കൊട്ടിയൂരിൽ ഇന്ന് കാണുന്ന ആചാരാനുഷ്ഠാനങ്ങളെ ചിട്ടപ്പെടുത്തിയതും ശങ്കരാചാര്യർ ആണെന്നാണ് അവിടുത്തെ വിശ്വാസം. ഒരിക്കൽ ശങ്കരാചാര്യർ അക്കരെ കൊട്ടിയൂരിൽ എത്തിയപ്പോൾ അവിടെ കാണുന്ന ഓരോ ശിലാഖണ്ഡവും ശിവലിംഗം ആണെന്ന് അന്തർദൃഷ്ട്യാ തിരിച്ചറിയുകയും അതിനാൽ തന്നെ പാദസ്പർശം പാപമെന്ന് കരുതി ഇക്കര കൊട്ടിയൂരിൽ നിന്ന് സാഷ്ടാംഗം തൊഴുതു കൊണ്ട് തിരിച്ചു പോയത്രേ. കൊട്ടിയൂരിനെ ദക്ഷിണകാശി എന്ന് വിശേഷിപ്പിച്ചതും ശങ്കരാചാര്യർ ആണെന്ന് പറയപ്പെടുന്നു.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും ശ്രീചക്ര പ്രതിഷ്ഠ ചെയ്തുകൊണ്ട്, അവിടുത്തെ പൂജാക്രമത്തെ ചിട്ടപ്പെടുത്തി കൊണ്ടുള്ള മാർഗ്ഗനിർദ്ദേശം നൽകിയതും ശ്രീശങ്കരാചാര്യരാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യർ ദേവീചൈതന്യത്തെ തന്റെ നാട്ടിൽ സാന്നിധ്യപ്പെടുത്തണമെന്ന് ഉദ്ദേശത്തോടുകൂടി മൈസൂരിലെ ചണ്ഡികാക്ഷേത്രത്തിൽ തപസ്സു ചെയ്തത്രേ. തപസ്സിൽ സംതൃപ്തയായ ദേവി ശങ്കരാചാര്യരുടെ ആഗ്രഹമന്വേഷിച്ചു. തന്റെ ദേശത്തേക്ക് ഒപ്പം വരണം എന്നാണ്ആചാര്യരുടെ അപേക്ഷ. ദേവി ഒരു നിബന്ധനയോടു കൂടി അതു സമ്മതിച്ചു. ‘താൻ ശങ്കരനോടൊപ്പം വരാം, ശങ്കരൻ മുന്നേ നടന്നുകൊള്ളുക, എന്നാൽ എന്നെ ഒരു നേരവും തിരിഞ്ഞു നോക്കരുത്,തിരിഞ്ഞു നോക്കിയാൽ അവിടെ ഞാൻ ഇരിക്കും ‘. ഇതായിരുന്നു ദേവിയുടെ നിബന്ധന. കാടും മലയും പുഴയും കടന്ന് ശങ്കരാചാര്യർ മുന്നോട്ടു നടന്നു ;പിന്നാലെ ദേവിയും. കുറച്ചു കഴിഞ്ഞപ്പോൾ ദേവി പിന്നിലില്ലേ എന്ന് ആചാര്യർക്ക് ഒരു സംശയം. തിരിഞ്ഞുനോക്കി. ദേവി കാൽ കഴച്ചത് കൊണ്ട് നിലത്ത് ഇരിക്കുന്നതായി കണ്ടു. ശങ്കരാചാര്യർ നിബന്ധന തെറ്റിച്ചത് കൊണ്ട് ദേവി അവിടെത്തന്നെ ഇരുന്നു ; അതാണത്രേ കൊല്ലൂർ മൂകാംബിക ക്ഷേത്രം. നിരാശ തോന്നിയ ശങ്കരാചാര്യരോട് തന്റെ ജ്യോതിയെ ( തേജസ്സ് ) ആവാഹിച്ചുകൊണ്ട് ഉദ്ദേശിച്ച ദേശത്ത് തന്നെ പ്രതിഷ്ഠിച്ചുകൊള്ളാൻ അനുമതി നൽകി. ദേവിയെ ജ്യോതി സ്വരൂപത്തിൽ ആവാഹിച്ച് വേന്ദനാട് ഗ്രാമത്തിൽ ആചാര്യർ പ്രതിഷ്ഠിച്ചു. ജ്യോതിസ് ആനയിക്കപ്പെട്ട കര എന്ന പേരിൽ ജ്യോതിയാനക്കര എന്ന് ആ സ്ഥലം അറിയപ്പെട്ടു.അത് പിന്നീട് ചോറ്റാനിക്കരയായി തീർന്നുവത്രെ.
എന്നാൽ ഈ കഥയിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ഐതിഹ്യ കഥയും ചോറ്റാനിക്കരയുമായി ശങ്കരാചാര്യർക്കുണ്ട്. ശങ്കരാചാര്യർ ഒരിക്കൽ ചോറ്റാനിക്കരയിൽ വന്നിരുന്നു എന്നും, ദേവീ ദർശനം നടത്തുന്ന വേളയിൽ ദേവിയുടെ ചുറ്റുപാടുമുള്ള ഭാഗത്ത് ദേവിയുടെ കബരീഭാരം വിതറിക്കിടക്കുന്നത് കാണാൻ കഴിഞ്ഞുവെന്നും, ആ കുന്തളഭാരം പരന്നുകിടന്നിരുന്ന അറ്റങ്ങളിൽ ഊരാണ്മക്കാരുടെ സഹകരണത്തോടെ നാലു ഭാഗത്തും ഓരോ കുളം കുഴിപ്പിച്ചു എന്നും പറയപ്പെടുന്നു. ക്ഷേത്രത്തിന് നാലുഭാഗത്തും ഉള്ള ആ കുളങ്ങളാണ് ക്ഷേത്ര സങ്കേതാതിർത്തികൾ എന്നും പറയപ്പെടുന്നു (19).
മലപ്പുറത്തെ കാടാമ്പുഴ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട ശങ്കര കഥകൾ പ്രസിദ്ധമാണ്. സർവ്വാജ്ഞപീഠം കയറിയശേഷം തീർത്ഥാടനത്തിന് ഇറങ്ങിയ ശങ്കരാചാര്യർ ഇപ്പോഴത്തെ ക്ഷേത്ര സ്ഥാനത്തിന് പടിഞ്ഞാറ് കൂടി യാത്ര ചെയ്തപ്പോൾ ഒരു തേജസ്സ് കാണാനിടയായി. ആ തേജസിന്റെ ഉറവിടം അന്വേഷിച്ച് നടന്ന ശങ്കരാചാര്യർക്ക്, അത് ഭൂമി പിളർന്ന് ഒരു ദ്വാരത്തിലേക്ക് ലയിക്കുന്നതായി കാണാൻ കഴിഞ്ഞു. ധ്യാനസ്ഥനായിരുന്ന ശങ്കരാചാര്യർ അത് കിരാത പാർവതിയാണെന്ന് തിരിച്ചറിയുകയും അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നാണ് വിശ്വാസം. മലപ്പുറത്തെ താനൂരിൽ ഉള്ള ശോഭപ്പറമ്പ് ക്ഷേത്രത്തിന്റെയും ഐതിഹ്യം ഏതാണ്ടിപ്രകാരം തന്നെയാണ്.
തിരുനാവായ നവയോഗികളാൽ പ്രതിഷ്ഠിതമായ നാവാമുകുന്ദക്ഷേത്രമാണ്. ലക്ഷ്മീ സമേതനായ വൈഷ്ണവ പ്രഭാവം കൊണ്ട് ആ പ്രദേശമാകെ ഐശ്വര്യ സമൃദ്ധവുമായിരുന്നു. ഒരിക്കൽ ശങ്കരാചാര്യർ തിരുനാവായയിൽ എത്തി. നവയോഗികൾ ഓരോരുത്തരായി വന്ന് നിളാതീരത്ത് ഓരോ വൈഷ്ണവ സാളഗ്രാമങ്ങൾ പ്രതിഷ്ഠിക്കുകയും, ആദ്യത്തെ എട്ടു യോഗികളും സ്ഥാപിച്ച വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്തതിനാൽ ഒൻപതാമത്തെ യോഗി താന്ത്രികവിധിപ്രകാരം വിഗ്രഹം പ്രതിഷ്ഠിക്കുകയും അത് നിലനില്ക്കയും നവയോഗികളുടെ പേരിൽ നാവാമുകുന്ദൻ പ്രസിദ്ധമാവുകയും ചെയ്തു. അന്തർദ്ധാനം ചെയ്യപ്പെട്ട വൈഷ്ണവ ബിംബങ്ങളുടെകൂടി പ്രഭാവം ആ ഗ്രാമത്തിൽ നിറഞ്ഞു. അവിടേക്കാണ് ശ്രീശങ്കരാചാര്യർ എത്തിയത്. തന്റെ ദിവ്യദൃഷ്ടിയാൽ തിരുനാവയിൽ വ്യാപിച്ചു കണ്ട വൈഷ്ണവപ്രഭാവം കാരണം, ആ ഭൂമിയിൽ ചവിട്ടാൻ അദ്ദേഹം തയ്യാറായില്ല. മുട്ടിൽ ഇഴഞ്ഞ് നമസ്കരിച്ചു കൊണ്ട് ലക്ഷ്മീ സമേതനായ ഭഗവാനെ തൊഴുന്ന ശങ്കരാചാര്യരെ കണ്ട് തദ്ദേശവാസികൾ പരിഹസിച്ചു. നടക്കുന്നതിനു പകരം മുട്ടിലിഴയുന്ന ആ പ്രവൃത്തി ധനധാന്യസമൃദ്ധികൊണ്ട് ഉന്മത്തരായ ദേശക്കാർക്ക് പുതുമയായിരുന്നു. ദേശത്തിൽ നിലീനമായ ഈശ്വരീയത കൊണ്ടാണ് തങ്ങൾ സൗഭാഗ്യം അനുഭവിക്കുന്നത് എന്ന ചിന്ത ആ ജനത്തിന് നഷ്ടപ്പെട്ടിരുന്നു. ധനലക്ഷ്മിയുടെ അകമഴിഞ്ഞ അനുഗ്രഹത്തെ മനസ്സിലാക്കാത്തത് തികഞ്ഞ തെറ്റു തന്നെയെന്ന് ആചാര്യർക്ക് ബോധ്യമായി. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ച ശ്രീ ശങ്കരാചാര്യർ പൂജാവേളയിൽ ധനലക്ഷ്മീ വിഗ്രഹത്തിന്റെ കൈ തട്ടിമാറ്റി താഴോട്ടാക്കി. വരദമുദ്രയിലെ ഈ മാറ്റം ദേശത്തിന്റെ തന്നെ ഐശ്വര്യത്തെ സാരമായി ബാധിച്ചു എന്നും അതിനു കാരണം ശ്രീശങ്കരാചാര്യരെ അപമാനിച്ചതു കൊണ്ടാണ് എന്നും ഒരു വിശ്വാസം ഉണ്ട്. ഇപ്രകാരം ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഒട്ടേറെ ഐതിഹ്യങ്ങളാൽ സമ്പന്നമാണ് നമ്മുടെ കേരളഭൂമി.
ഉപസംഹാരം
കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം ശങ്കരാചാര്യർ അവരുടെ ആചാരാനുഷ്ഠാനങ്ങളെയും സാമൂഹിക വിനിമയങ്ങളെയും ആദ്ധ്യാത്മിക ബോധത്തെയും നിജപ്പെടുത്തിയ മഹാപ്രതിഭാസമാണ്. താൻ ജനിച്ച സമുദായത്തിൽ ജീവിച്ചിരിക്കെ പരിത്യക്തനായി എങ്കിലും പിന്നീട് ആ സമുദായം മുഴുവൻ ശങ്കര പരമ്പര എന്ന പേരിൽ അഭിമാനം കൊള്ളുന്നത് കേരളത്തിൽ കാണാൻ കഴിയും. നിഷ്കളങ്കമായ ഭക്തികൊണ്ട് സാക്ഷാൽ ഭഗവതിയെ തന്നെ പ്രത്യക്ഷപ്പെടുത്താം എന്ന ചിന്ത നമുക്ക് നൽകിയത് ശങ്കര കഥകളാണ്. ബുദ്ധിപരമായി ലഭിക്കുന്ന ജ്ഞാനത്തെ അനുഭൂതിതലത്തിലേക്ക് ഉയർത്തുവാൻ ഉച്ചനീചത്വഭേദം ഇല്ലാതെ ആരുടെയും മാർഗ്ഗനിർദേശം സ്വീകരിക്കാം എന്ന തത്വവും നമുക്ക് ലഭിച്ചത് ശങ്കര കഥകളിലൂടെയാണ്. മാതൃത്വത്തിന്റെ മഹിമ ഇത്രമേൽ ലോകത്തിനു തന്നെ പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയുന്നത് ശങ്കരാചാര്യരും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ കഥകളിലൂടെയാണ്. വിജ്ഞാനം അഹങ്കാരത്തിന് ഹേതുവാകരുത് എന്ന തത്വവും വിജ്ഞാനം കൊണ്ട് വിനയമാണ് സമ്പത്തായി സ്വീകരിക്കേണ്ടത് എന്ന തിരിച്ചറിവും കേരളീയർക്ക് നൽകിയത് ശങ്കരാചാര്യരാണ്. സജ്ജന സംസ്കാരത്തിനായി ഇനിയുമിനിയും നമുക്ക് മറിച്ചു നോക്കാൻ കഴിയുന്ന മഹാപ്രതിഭാസവും ബൃഹത്ഗ്രന്ഥവും ആണ് ശങ്കരാചാര്യസ്വാമികൾ. കേരളം ഭാരതത്തിനും ലോകത്തിനും പ്രപഞ്ചത്തിനുതന്നെയും നൽകിയ ഒരു ചരിത്രസംഭാവന ശങ്കരാചാര്യരെ പോലെ മറ്റൊന്നില്ല. കേരളീയ സ്വത്വബോധത്തിന്റെ പ്രകാശനമായി ശ്രീമദ് ശങ്കരാചാര്യരെ തിരിച്ചറിയുകയും അനുസന്ധാനം ചെയ്യുകയും അഭിമാനം കൊള്ളുകയും ചെയ്യേണ്ടത് കേരളീയ സാമൂഹ്യപാരമ്പര്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
അടിക്കുറിപ്പുകൾ
1. രമണ ചരണ തീർത്ഥർ ശ്രീ നൊച്ചൂർ വെങ്കട രാമൻ . ആത്മതീർത്ഥം, പേ-33
2. ” ” പേ-39
3. “….. ” പേ-43
4 .” ” പേ-46
5. തെക്കേഅമ്പാടിയിൽ മീനാക്ഷി അമ്മ. സൗന്ദര്യലഹരി (ഭാഷാവ്യാഖ്യാനസഹിതം)പേ-xviii – xx
6. ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം,പേ -115
7. രമണചരണതീർത്ഥർ ശ്രീനൊച്ചൂർ വെങ്കടരാമൻ. ആത്മതീർത്ഥം, പേ-49
8.ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം,പേ -115
9.രമണചരണതീർത്ഥർ ശ്രീനൊച്ചൂർ വെങ്കടരാമൻ. ആത്മതീർത്ഥം, പേ-55
10. വില്യം ലോഗൻ. മലബാർ മാന്വൽ, പേ-148
11. ” ” പേ- 149
12. ” ” പേ- 149
13. ” ” പേ- 149
14. ” ” പേ- 122
15. ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം,പേ -118
16. ” ” പേ- 118
17. ” ” പേ- 119
18. ” ” പേ- 123-124
19. സി എ എസ് മേനോൻ. ശ്രീ ചോറ്റാനിക്കര ദേവി ക്ഷേത്രമാഹാത്മ്യം, പേ-79
ഗ്രന്ഥസൂചി
1. ലോഗൻ, വില്യം : (2014) മലബാർ മാന്വൽ (മലബാറിന്റെ ചരിത്രം),കോഴിക്കോട്, മാതൃഭൂമി ബുക്സ്
2. മീനാക്ഷി അമ്മ, തെക്കേ അമ്പാടിയിൽ : (വ്യാഖ്യാ)(2020 ). സൗന്ദര്യലഹരി (ഭാഷാ വ്യാഖ്യാനസഹിതം),പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം.
3. ഉള്ളൂർ എസ് പരമേശ്വരയ്യർ,റാവു സാഹിബ് മഹാകവി :(1990). കേരള സാഹിത്യ ചരിത്രം, ഒന്നാം വാല്യം, തിരുവനന്തപുരം, കേരള സർവകലാശാല
4. ശ്രീ നൊച്ചൂർ വെങ്കിടരാമൻ, രമണ ചരണതീർത്ഥർ 🙁 2014). ആത്മതീർത്ഥം (ശ്രീ ശങ്കരാചാര്യരുടെ ജീവിതവും ഉപദേശങ്ങളും ) തിരുവനന്തപുരം, ഋഷി പ്രകാശന സഭ.
5. ശ്രീകാന്ത് :(2015 ). ശ്രീ മൂകാംബിക സർവ്വ മംഗളദായിനി, കാഞ്ഞങ്ങാട്, ഇന്റഗ്രൽ ബുക്സ്.
6. നെടും കൊമ്പിൽ മോഹൻ:( 2005), തിരുനാവാമുകുന്ദ മാഹാത്മ്യം, തിരുനാവായ,നാവാമുകുന്ദ പബ്ലിക്കേഷൻസ് .
7.ആചാര്യ തീർത്ഥർ, സ്വാമി : ശ്രീ മൂകാംബിക ക്ഷേത്രത്തിന്റെ ഐതിഹ്യവും സേവാവിശേഷങ്ങളും, കൊല്ലൂർ, ശ്രീരാമകൃഷ്ണ യോഗാശ്രമ പ്രസിദ്ധീകരണം
8. കരുണാകര പണിക്കാർ പാവന: കാടാമ്പുഴ ഭഗവതി – ഐതിഹ്യവും കീർത്തനങ്ങളും.ഗുരുവായൂർ,പിക്ച്ചർ മാർട്ട്.
9. മേനോൻ,സി എ എസ് ഏരൂർ:(1978)ശ്രീ ചോറ്റാനിക്കര ദേവീക്ഷേത്ര മാഹാത്മ്യം. തൃപ്പൂണിത്തറ,ജയചന്ദ്ര പബ്ലിഷേഴ്സ്
ഡോ. ദീപേഷ് വി കെ
deepeshsivendu912@gmail.com
Phone : 94970 75322















