ഡെറാഡൂൺ: തീർത്ഥാടകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബദരിനാഥ് ധാം തുറന്നു. ആചാരങ്ങളോടെയും മന്ത്രോച്ചാരണങ്ങളോടെയുമാണ് ബദരിനാഥ് ധാം തുറന്നത്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തീർത്ഥാടകർക്കായി ക്ഷേത്രകവാടങ്ങൾ തുറന്നത്. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ, ബദരീനാഥ് -കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, തീർത്ഥാടകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
ക്ഷേത്രകവാടങ്ങൾ പൂക്കൾ കൊണ്ട് അലങ്കൃതമായിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഭക്തർക്ക് ആശംസകൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നത്. പുഷ്‌കർ സിംഗ് ധാമിയും ഭാര്യ ഗീതയും കേദാർനാഥ് ധാം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്ന് പതിനായിരക്കണത്തിന് തീർത്ഥാടകർ ക്ഷേത്രത്തിലെത്തി.
ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ മഞ്ഞുമൂടിയ മലനിരകൾക്കിടയിലാണ് ശ്രീ ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചാർധാം യാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സുരക്ഷാ സംവിധാനങ്ങളുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാർനാഥിലേക്കും ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ഈ പുണ്യയാത്ര. റോഡ് മാർഗമോ വിമാന മാർഗമോ യാത്ര പൂർത്തിയാക്കാവുന്നതാണ്.















