ശ്രീനഗർ: പാകിസ്താനിൽ നിന്ന് ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിലേക്ക് നുഴഞ്ഞുകയറിയ ആറ് ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മുകശ്മീർ പോലീസ് പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ജില്ലയുടെ പ്രാന്തപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
20 നും 42 നും ഇടയിലാണ് ഭീകരരുടെ പ്രായം. എകെ 47, യുഎസ് നിർമ്മിത എം4 കാർബൈൻ, പിസ്റ്റളുകൾ എന്നിവ ഇവരുടെ പക്കലുണ്ടെന്നാണ് നിഗമനം. പ്രതികളെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 28 നാണ് വില്ലേജ് ഡിഫൻസ് ഗാർഡ് (വിഡിജി) സ്പെഷ്യൽ പോലീസ് ഓഫീസർ മുഹമ്മദ് ഷെരീഫിനെ ഭീകരർ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബസന്ത്ഗഡിലെ വനത്തിനോട് ചേർന്ന പ്രദേശത്ത് വച്ചായിരുന്നു ആക്രമണം.
ഇതിന് പിന്നാലെ ഭീകരരെ അതിർത്തി കടക്കാൻ സഹായിച്ച ജാവേദ് എന്നയാളെ പൊലീസ് പിടികൂടി. ഇയാളിൽ നിന്നാണ് ഭീകരരെ കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളെ കണ്ടെത്താൻ കത്വ ജില്ല കേന്ദ്രീകരിച്ച് സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തുന്ന തെരച്ചിൽ പുരോഗമിക്കുകയാണ്.















