ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അത്യുജ്ജ്വലമായ ഭരണമായിരിക്കും എൻഡിഎ സർക്കാർ മൂന്നാം തവണ അധികാരത്തിലേറുമ്പോഴെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും പ്രാവർത്തികമാകാനാണ് മൂന്നാം തവണ ശ്രമിക്കുക. സർക്കാർ അധികാരത്തിലേറിയാൽ അഞ്ച് വർഷത്തേക്കും ആദ്യ നൂറ് ദിവസത്തേക്കുമുള്ള പദ്ധതികളെ പറ്റി ധാരണയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014-ൽ എൻഡിഎ സർക്കാർ രാജ്യത്തിന് എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുന്നതിനുള്ള അടിത്തറയുണ്ടാക്കുകയാണ് ചെയ്തത്. കോൺഗ്രസിന്റെ ഭരണകാലത്ത് സാധാരണക്കാരും കർഷകരും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ടോയ്ലറ്റുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഗ്യാസ് കണക്ഷനുകൾ, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നൽകി പാവപ്പെട്ടവരുടെ ജീവിതത്തിന് എൻഡിഎ സർക്കാർ ശക്തിപകർന്നു. ഒന്നിലധികം പരിഷ്‌കരണങ്ങളിലൂടെ തകർച്ചയുടെ വക്കിലായിരുന്ന ബാങ്കിംഗ് മേഖലയെയും സമ്പദ്വ്യവസ്ഥയെയും ഉയർത്തി കൊണ്ട് വരാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
മാറ്റത്തെയും പ്രവർത്തനത്തെയും ജനങ്ങൾ അംഗീകരിച്ചതിന്റെ ഫലമാണ് 2019-ലെ തെരഞ്ഞെടുപ്പ് ഫലം. അതുകൊണ്ടാണ് അവർ രണ്ടാംതവണയും ഭരണതുടർച്ചയ്‌ക്ക് അവസരം നൽകിയത്. ഇക്കാലയളവിൽ ഭാരതം ലോകത്തിലെ
അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, കോവിഡിനെതിരെയുള്ള പോരാട്ടം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങൾക്ക് തങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ ആത്മവിശ്വാസം നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















