ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഒരിക്കൽ കൂടി കീഴടക്കി നേപ്പാളി പർവതാരോഹകൻ കാമി റീത്ത ഷെർപ്പ. ”എവറസ്റ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന കാമി റീത്ത ഇത് 29-ാം തവണയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. 54 കാരനായ കാമി റീത്ത മറ്റ് 28 പർവ്വതാരോഹകരുമൊത്താണ് ഞായറാഴ്‌ച്ച രാവിലെ 7.25 ന് എവറസ്റ്റിന്റെ 8848.86 മീറ്റര്‍ ഉയരം കീഴടക്കിയത്.
കൂടുതൽ തവണ സാഗർമാത (എവറസ്റ്റ്) കയറി ചരിത്രത്തിൽ ഇടം നേടാൻ തനിക്ക് പദ്ധതിയില്ലെന്നും, ഒരു പർവ്വതാരോഹകൻ എന്ന നിലയ്‌ക്ക് താൻ തന്റെ കടമ മാത്രമാണ് ചെയ്യുന്നതെന്നും മലകയറ്റത്തിന് മുൻപായി കാമി റീത്ത അഭിപ്രായപ്പെട്ടിരുന്നു.
എവറസ്റ്റിന്റെ താഴ്‌വരയിലെ ഷെർപ്പ സമൂഹത്തിൽ ജനിച്ച കാമി റീത്ത 1994-ൽ തന്റെ 24 ആം വയസ്സിലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. അതിനുശേഷം 2014, 2015, 2020 വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ മലകയറ്റം നിർത്തിവച്ചതൊഴിച്ചാൽ എല്ലാ വർഷവും അത് തുടർന്നു.















