മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ തിരക്കഥയെ ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ തന്റേതാണെന്ന ഗുരുതര ആരോപണവുമായി ദുബായിലെ മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ രംഗത്തെത്തി.
സാദിഖ് കാവിലിന്റെ വാക്കുകൾ
അടുത്തിടെ കേരളത്തിലും പുറത്ത് ഗൾഫിലുമടക്കം റിലീസായ മലയാള ചലച്ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥാ മോഷണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. ജനപ്രിയ കലയായ സിനിമയുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്രാവശ്യം അത് ഏറ്റവും മോശമായ രീതിയിലാണ് മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയും ആശയവുമെല്ലാം തൻ്റേതാണെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ആദ്യം കടന്നുവന്നതോടെയാണ് വിവാദം തുടങ്ങിയത് എന്ന് നമുക്കെല്ലാം അറിയാം. അല്ല, തൻ്റേത് തന്നെയാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തെന്ന് പറയുന്ന ഷാരിസ് മുഹമ്മദും രംഗത്ത് വന്നു. എന്നാൽ, ഈ ചിത്രത്തിന്റെ കഥയുടെ പ്രമേയമുൾപ്പെടെ കുറേ ഭാഗങ്ങൾ ഞാനെഴുതിയ ആൽക്കെമിസ്റ്റ് എന്ന തിരക്കഥയിൽ നിന്ന് എടുത്തിട്ടുള്ളതാണെന്ന് എല്ലാവരേയും അറിയിക്കാനാണ് ഇൗ വാർത്താ സമ്മേളനം.
2020 മുതല്‍ ഞാന്‍ ഈ തിരക്കഥയുടെ പിന്നിലായിരുന്നു. അടുത്തിടെ മരിച്ചുപോയ എന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ(സക്കറിയയുടെ ഗർഭിണികൾ, റേഡിയോ, ഒരു സർക്കാർ ഉത്പന്നം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്) നിസാം റാവുത്തർ സംവിധാനം ചെയ്യാൻ വേണ്ടി എഴുതിയ തിരക്കഥ സംബന്ധമായി ഞങ്ങൾ അക്കാലം മുതൽ വാട്സാപ്പിലൂടെയും ഫോണിലൂടെയും ചർച്ച ചെയ്തുകൊണ്ടിരുന്നു. 2021 ഫെബ്രുവരിയിൽ കഥയുടെ വൺലൈൻ നിസാമിന് കൈമാറി. 2021 മാർച്ച് 28ന് തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. ഇതിന്റെ തെളിവുകൾ കൈയിലുണ്ടെങ്കിലും ഇതിൽ ക്ലിയർ വരുത്താൻ നിസാം റാവുത്തർ അടുത്തിടെ മരണപ്പെട്ടു പോയതിനാൽ നമുക്ക് സാധ്യമല്ല. അബുദാബിയിലെ ഒരു ദ്വീപായിരുന്നു എന്റെ തിരക്കഥയുടെ പശ്ചാത്തലം. അവിടെ ഒരേ മുറിയിൽ ജീവിക്കുന്ന ഒരു മലയാളിയും പാക്കിസ്ഥാനിയും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു പ്രമേയം. സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളായിരുന്നു ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ഫീൽഗുഡ് മൂവിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഇതേ ആശയമാണ് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലേതും എന്ന് സിനിമ കണ്ടവർക്ക് മനസിലാകും. അന്ന് ഞാനെന്റെ കഥ ചില അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു. പിന്നീട്, ചില സമയക്കുറവുകൾ മൂലം നിസാം റാവുത്തർ സംവിധാനത്തിൽ നിന്ന് പിന്മാറുകയും ജിബിൻ ജോസ് എന്നയാൾ സംവിധാനം ചെയ്യാൻ വേണ്ടി കടന്നുവരികയും ചെയ്തു. അദ്ദേഹം പ്രൊജക്ടുമായി മുന്നോട്ടുപോയി.
2022ൽ തന്റെ പരിചയക്കാരനായ ഒരു സംവിധായകനുമായി പ്രമേയം പങ്കുവച്ചപ്പോൾ, ഇതേ പോലുള്ളൊരു കഥ മറ്റൊരാൾ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയും ചെയ്തു. പിന്നീട്, ജിബിൻ ജോസ് തന്റെ ജോലിത്തിരക്ക് കാരണം മുന്നോട്ടുപോകാൻ പ്രയാസമാണെന്നറിഞ്ഞപ്പോൾ ഇപ്പോൾ സിനിമയിൽ പ്രവർത്തിച്ചുവരുന്ന മുൻ മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാർ ചിത്രം സംവിധാനം ചെയ്യാൻ വേണ്ടി തയ്യാറാവുകയും ചെയ്തു. മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഇതിനകം റിലീസിനായി തയ്യാറായി എന്നറിഞ്ഞപ്പോൾ ഒരേ ആശയത്തിർ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് ഞങ്ങളത് തത്കാലത്തേയ്‌ക്ക് ഡ്രോപ് ചെയ്തു. അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് മലയാളി ഫ്രം ഇന്ത്യ റിലീസാകുന്നത്. എന്റെ തിരക്കഥയുടെ പ്രമേയം അറിയാവുന്നവർ ഈ സിനിമയ്‌ക്ക് അതുമായുള്ള സാമ്യം എന്നെ അറിയിച്ചു. പിന്നീട് സിനിമ കണ്ടപ്പോൾ എനിക്കും അത് ബോധ്യമായി. അപ്പോഴും ഇത്തരമൊരു ആശയം ആരുടെയും ചിന്തയിലുദിക്കാമല്ലോ എന്നാലോചിച്ചു ഞാനും ജിബിനും സനീഷും മൗനം പാലിച്ചതാണ്.
എന്നാൽ ഇന്നലെ ഷാരിസ് മുഹമ്മദിന്റെ അഭിമുഖത്തിൽ തിരക്കഥ ഉയർത്തിപ്പിടിച്ചപ്പോൾ അതിൽ ആൽക്കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമായത്. ഞങ്ങൾ ഇതേ പേരിൽ അന്ന് ഒരു പോസ്റ്റർ പോലും ഡിസൈൻ ചെയ്തിരുന്നു. (കോപ്പി കൈയിലുണ്ട്). അതു അടുത്തിടെ മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകന് ജിബിൻ പങ്കുവച്ചിരുന്നു. അതിന് ശേഷമാണ് തിരക്കഥയുടെ പേര് ആൽക്കെമിസ്റ്റായിരുന്നുവെന്ന് ഷാരിസ് മുഹമ്മദ് വെളിപ്പെടുത്തിയത്. ഇത് സംവിധായകനിൽ നിന്ന് ഞങ്ങളുടെ പ്രൊജക്ടിനെക്കുറിച്ച് അറിഞ്ഞതുകൊണ്ട് നിഷാദ് കോയയുടെ വാദം പൊളിക്കാൻ വേണ്ടി മനഃപൂർവം വെളിപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.
ഇതൊരു വ്യക്തിയുടെ നഷ്ടമോ പ്രശ്നമോ ആയി ചുരുക്കികാണരുത്. ഒരു തിരക്കഥ പൂർത്തിയാക്കാൻ എത്രമാത്രം സർഗശേഷിയും ഊർജവും ഉപയോഗിക്കേണ്ടി വരുമെന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ. സ്വപ്നങ്ങൾ പോലും മോഷ്ടിക്കപ്പെടാവുന്ന , അല്ലെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്. സത്യസന്ധത, എത്തിക്സ് തുടങ്ങിയവയൊക്കെ കണികാണാൻ പോലും കിട്ടാതായി. ആധുനിക ലോകത്തിന്റെ കലയായ സിനിമ വളരെ വൃത്തികെട്ട രീതിയിൽ അധഃപതിക്കുക എന്നതാണ് ഇവിടെ സംഭവിച്ചത്. അതനുവദിക്കുക എന്നത് ഒരു കലയിൽ എന്തുമാകാം എന്ന ലൈസൻസ് ആയി മാറും. നീതിക്ക് വേണ്ടിയുള്ള ശബ്ദമുയർത്തൽ മാത്രമാണിത്. ഞങ്ങളടക്കം ഇൗ മേഖലയിലേയ്‌ക്ക് പ്രതീക്ഷകളോടെ കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരു തലമുറ, അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പലരുടെയും അടുത്തുപോയി കഥയും മറ്റും അവതരിപ്പിക്കുകയും തിരക്കഥ കൈമാറുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാൽ, അവരെയെല്ലാം തീർത്തും നിരാശരാക്കുകയും എന്നെന്നേക്കുമായി പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണത ഈ വ്യവസായ മേഖലയ്‌ക്ക് തന്നെ ശാപമാണ്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് കൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ.















