ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ 29 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
ആന്ധ്രാപ്രദേശ്(25), തെലങ്കാന(17), ഉത്തർപ്രദേശ്(13), മഹാരാഷ്‌ട്ര(11), ബംഗാൾ(8), മധ്യപ്രദേശ്(8), ബിഹാർ(5), ഒഡിഷ(4), ജാർഖണ്ഡ്(4), ജമ്മു കശ്മീർ(4) എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 17.70 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തുക. ഇതിൽ 8.73 കോടി സ്ത്രീകളും, 8.97 കോടി പുരുഷന്മാരുമാണ് ഉള്ളത്. 1717 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
നാലാം ഘട്ടത്തോടെ ലോക്‌സഭയിലെ 543 സീറ്റുകളിൽ 381 എണ്ണത്തിലേക്കും മത്സരം പൂർത്തിയാകും. ഒന്നാം ഘട്ടത്തിൽ 66.14 ശതമാനവും, രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും, മൂന്നാം ഘട്ടത്തിൽ 64.4 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2019ലെ തെരഞ്ഞെടുപ്പിൽ 96 സീറ്റുകളിൽ 42 സീറ്റുകളിലാണ് ബിജെപി വിജയം സ്വന്തമാക്കിയത്.
യുപിയിലെ കനൗജിൽ എസ്പി സ്ഥാനാർത്ഥിയായ അഖിലേഷ് യാദവ്, സിറ്റിംഗ് എംപി സുബ്രത പഥക്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ബിജെപിയുടെ ദിലീപ് ഘോഷ്, എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, ബിജെപിയുടെ മാധവി ലത, ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമിള, ബിജെപിയുടെ ഗിരിരാജ് സിംഗ് ഉൾപ്പെടെ ഉള്ളവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു.















