വടകര : ആർ എംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ കേസ് എടുത്തു. കെ.എസ് ഹരിഹരന്റെ പരാതിയിലാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ഏട്ടേകാലോടെയായിരുന്നു തേഞ്ഞിപ്പലം ഒലിപ്രംകടവിലെ ഹരിഹരന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞത്. ഗേറ്റിന് മുകളിലേക്കാണ് സ്ഫോടകവസ്തു വീണത്.
സ്ഥലം സന്ദർശിച്ച ബോംബ് സ്ക്വാഡ് സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയത്ത് ഹരിഹരനും കുടുംബവും ഭാര്യാസഹോദരനും രാഷ്‌ട്രീയനിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നും ഹരിഹരൻ പറഞ്ഞു.















