കൊല്ലം: വനിതാ ഡോക്ടർക്ക് നേരെ വീണ്ടും ആക്രമണം. കൊല്ലം ചവറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിനെയാണ് ആക്രമിച്ചത്. രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ സ്ത്രീ, ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു.
ഒരു കുടുംബത്തിലെ രണ്ട് രോഗികളും ഇവർക്കൊപ്പം കൂട്ടിരിപ്പിനായി എത്തിയ 5 പേരുമാണ് ആരോഗ്യ കേന്ദ്രത്തിലേക്കെത്തിയത്. എന്നാൽ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ പരിചരണത്തിനായി നിർത്താൻ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവർ പുറത്ത് പോകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ രോഗിക്കൊപ്പം എത്തിയ സ്ത്രീ, ഡോക്ടർ എഴുതി കൊടുത്ത മരുന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടു. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കയ്യേറ്റത്തിലെത്തിച്ചതെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു.
രോഗിക്കൊപ്പമെത്തിയ സ്ത്രീ തന്നോട് മോശമായി പെരുമാറിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്ന് ഡോ. ജാൻസി ജെയിംസ് ആരോപിച്ചു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, ഡോക്ടറും രോഗികളോട് മോശമായി പെരുമാറിയെന്ന് ബന്ധുക്കളും ആരോപിച്ചു. രോഗികളുടെ പരാതിയും പരിശോധിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിക്കും.















