കാസർകോഡ്: ചിറ്റാരിക്കലിൽ ഉപയോഗ ശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ തലയോട്ടികളും എല്ലിൻ കഷ്ണങ്ങളുമാണ് തൊഴിലാളികൾ കണ്ടെത്തിയത്. 1 വർഷം മുമ്പ് കാണാതായ കടുമേനി സ്വദേശിയുടെ അസ്ഥികൂടമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിനായെത്തിയവർ സമീപത്തുള്ള കിണർ വൃത്തിയാക്കാൻ തൊഴിലാളികളെ ഏൽപ്പിച്ചിരുന്നു. കിണറിൽ നിന്ന് ചെളിയും മറ്റും കോരി മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥികൂടം കണ്ടത്. ഇതോടൊപ്പം ഒരു ആധാർകാർഡും, വസ്ത്രങ്ങളും, കൊന്തയും ലഭിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് കാണാതായ അനീഷ് എന്ന വ്യക്തിയുടെ ആധാർ കാർഡാണിത്.
എന്നാൽ അസ്ഥികൂടം അനീഷിന്റേത് തന്നെയാണോയെന്ന് ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കണ്ടെത്തിയ അസ്ഥികൂടം ഫൊറൻസിക് ഡിപ്പാർട്ട്മെന്റിന് കൈമാറിയതായും പൊലീസ് അറിയിച്ചു.















