ലക്‌നൗ: മദ്ധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ ഷാഗത്തെന്ന സ്ഥലത്താണ് സംഭവം. സുദർശൻ ന്യൂസിന്റെ ലേഖകനായ അശുതോഷ് ശ്രീവാസ്തവയാണ് (43) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
രാവിലെ മാർക്കറ്റിലേക്ക് പോവുകയായിരുന്ന അശുതോഷിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നെന്ന് ഷാഗഞ്ച് പൊലീസ് അറിയിച്ചു. തന്റെ ജീവൻ അപകടത്തിലാണെന്നും അതിനാൽ തനിക്ക് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് അശുതോഷ് പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് അത് നിരസിക്കുകയായിരുന്നെന്ന് അശുതോഷിന്റെ കുടുംബം ആരോപിച്ചു.
സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അന്വേഷണം ഊർജ്ജിതമാക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞുപോയത്. പ്രദേശത്തെ കള്ളക്കടത്തിനെ കുറിച്ചും മറ്റും തുറന്നെഴുതിയിരുന്ന മാദ്ധ്യമ പ്രവർത്തകനായിരുന്നു അശുതോഷ്. ഇയാൾക്ക് കള്ളക്കടത്ത് സംഘത്തിന്റെ നിരവധി ഭീഷണികൾ ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ പിടികൂടാൻ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.