മുംബൈയിൽ ഉച്ചയ്‌ക്ക് ശേഷമുണ്ടായ ശക്തമായ മഴയിലും പൊടിക്കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്നു വീണ് മരിച്ചവരുടെ എണ്ണം എട്ടായി. 64 പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. 30 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അതേസമയം മുംബൈയിലെ എല്ലാ ഹോർഡിംഗുകളുടെയും പ്രത്യേക ഓഡിറ്റ് നടത്താനും നിയമവിരുദ്ധമായ ഹോർഡിംഗുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനും മുനിസിപ്പൽ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.
മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രാഥമിക നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഘാഡ്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡാണ് പെട്രോൾ പമ്പിന് മുകളിലേക്ക് തകർന്നു വീണത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയുടെയും ദുരന്തനിവാരണ സേനയുടെയും രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി വാഹങ്ങൾ ഇതിനിടയിൽ കുടുങ്ങിയിട്ടുണ്ട്.
നഗരത്തിലെ രാജവാഡി ആശുപത്രിയിലാണ് പരിക്കേറ്റവരുടെ ചികിത്സ. സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. നാലു മണിമുതൽ വൈകിട്ട് 6.30വരെ മുംബൈയിൽ 19.28 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. ദാരുണാപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.















