മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് കമ്യൂണിസ്റ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ 47 റൈഫിൾ, ഇൻസാസ് റൈഫിൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും സുരക്ഷാ സേന കണ്ടെടുത്തു.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയുമായി അതിർത്തി പങ്കിടുന്ന മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കമ്യൂണിസ്റ്റ് തീവ്രവാദികൾ കമാൻഡോകൾക്ക് നേരെ വെടിയുതിർത്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിതാണെന്ന് പോലീസ് പറഞ്ഞു.
നിരോധിത സിപിഐ (മാവോയിസ്റ്റ്) ഗ്രൂപ്പിലെ അംഗങ്ങൾ അവിടെ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിന് ഇടയിലാണ് സംഭവം. തിരച്ചിൽ നടത്തുന്നതിനിടെ, അവിടെ ക്യാമ്പ് ചെയ്തിരുന്ന കമ്യൂണിസ്റ്റ് തീവ്രവാദികൾ കമാൻഡോകൾക്ക് നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയും തുടർന്ന് ജവാൻമാർ തിരിച്ചടിക്കുകയും ചെയ്തു.
ഒരു മണിക്കൂർ നീണ്ട വെടിവയ്പ്പിനെത്തുടർന്ന് തീവ്രവാദികൾ ഓടിപ്പോകുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റെയും രണ്ട് സ്ത്രീ മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് തീവ്രവാദികൾ സി.പി.ഐ (മാവോയിസ്റ്റ്) യുടെ മുതിർന്ന നേതാവും ഗഡ്ചിറോളി ജില്ലയിലെ പെരിമിലി ദളത്തിന്റെ ചുമതലയുള്ള കമാൻഡറുമായ വാസു സമർ കോർച്ച (36), സീനിയർ സ്ക്വാഡ് അംഗം രേഷ്മ മഡ്കം (25) പെരിമിലി ദളത്തിലെ അംഗം കമല മാധവി (24) എന്നിവരാണെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. . ഇവരിൽ, വാസു 16 ലക്ഷം രൂപയും രേഷ്മ 4 ലക്ഷം രൂപയും കമല 2 ലക്ഷം രൂപയും വിലയിട്ടിട്ടുള്ള തീവ്രവാദികൾ ആയിരുന്നു.
ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗഡ്ചിറോളിയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ, ഈ വർഷം മാർച്ച് 19 ന് ഗഡ്ചിരോളി ജില്ലയിലെ റെപൻപള്ളിക്ക് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് കമ്യൂണിസ്റ്റ് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.















