പഴനി: ലോകപ്രശസ്തമായ പഴനി മുരുകൻ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള വൈകാശി വിശാഖ മഹോത്സവം 16-ന് കൊടിയേറ്റത്തോടെ ആരംഭിക്കും. വൈകാശി മാസത്തിലെ പൗർണ്ണമിയിൽ വരുന്ന വിശാഖനക്ഷത്രത്തിൽ മുരുകൻ അവതരിച്ച ദിവസമായാണ് എല്ലാ മുരുകൻ ക്ഷേത്രങ്ങളിലും വൈകാശി വിശാഖ മഹോത്സവം ആഘോഷിക്കുന്നത്.
ഈ ദിവസം പഴനി പെരിയനായകി അമ്മൻ ക്ഷേത്രത്തിൽ ഗണപതി പൂജ , കൊടിപ്പട പൂജ എന്നിവ നടക്കും. തുടർന്ന് 9.30ന് പതാക ഉയർത്തൽ ചടങ്ങ്. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ എല്ലാ ദിവസവും രാവിലെ മുത്തുകുമാരസ്വാമി തണ്ടപ്പല്ലക്കിൽ പ്രദക്ഷിണം ചെയ്യും. കൂടാതെ രാത്രിയിൽ വെള്ളികാമധെനു, ആട്, ആന, മയിൽ, പൊൻകുതിര, തുടങ്ങിയ വാഹനങ്ങളിൽ സ്വാമി പുറപ്പാട് ഉണ്ടായിരിക്കും. ഉത്സവത്തിന്റെ ആറാട്ട് ദിവസമായ 21-ന് വൈകീട്ട് ആറിന് പെരിയനായകി അമ്മൻ ക്ഷേത്രത്തിൽ തിരുകല്യാണം നടക്കും.
പിറ്റേന്ന് വൈകാശി വിശാഖം നാളായ 22ന് മുത്തുകുമാരസ്വാമി എഴുന്നള്ളത്ത് ഉണ്ടായിരിക്കും. തുടർന്ന് 11.30-ന് ഘോഷയാത്ര, വൈകീട്ട് 4.30-ന് രഥഘോഷയാത്ര, തുടർന്ന് തിരൂർ വടം എഴുന്നള്ളത്ത് എന്നിവ നടക്കും. 25ന് ചടങ്ങുകൾ സമാപിക്കും.
ക്ഷേത്രം ഭാരവാഹികൾ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.















