എറണാകുളം: വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം പിടിപ്പെട്ട സംഭവത്തിൽ വാട്ടർ അതോറിറ്റി നൽകിയ വെള്ളം ശുദ്ധീകരിക്കാത്തതെന്ന് കണ്ടെത്തി. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതിനാലാണ് 180 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് അടിയന്തരയോഗം ചേരുമെന്നും അധികൃതർ അറിയിച്ചു. രോഗബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് സഹായങ്ങൾ നൽകുന്നതിനും ഈ യോഗത്തിൽ തീരുമാനമായേക്കാം.
വേങ്ങൂരിലെ ഭൂരിഭാഗം ആളുകളും വാട്ടർ അതോറിറ്റി നൽകുന്ന വെള്ളത്തെ ആശ്രയിച്ചു കഴിയുന്നവരാണ്. എന്നാൽ വാട്ടർ അതോറിറ്റി ശുദ്ധീകരിക്കാത്ത വെള്ളമാണ് വീടുകളിലേക്ക് വിതരണം ചെയ്തത്. ഈ വെള്ളം തിളപ്പിക്കാതെ കുടിച്ചവർക്കാണ് മഞ്ഞപ്പിത്തം പിടിപ്പെട്ടത്.
രോഗ ബാധിതരായവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഈ പഞ്ചായത്തിൽ തന്നെ മഞ്ഞപ്പിത്തം ബാധിച്ച് നേരത്തെ രണ്ട് പേർ മരണപ്പെട്ടിരുന്നു. മുടക്കുഴ സ്വദേശി സജീവൻ, ജോളി എന്നിവരാണ് മരിച്ചത്. വാട്ടർ അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.















