തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ അവസാനമായി കാണാനുള്ള അവസരം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ ഒരു നോക്ക് കാണാനായി ഒമാനിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കിയ വിവരം അമൃത അറിയുന്നത്. മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതോടെ ഒമാനിൽ എത്തിപ്പെടാൻ അമൃതയ്‌ക്ക് മുന്നിൽ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. തുടർന്ന് അമൃതയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാതെ ഭർത്താവ് നമ്പി രാജേഷ് ഇന്നലെ യാത്രയായി.
മസ്‌ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു നമ്പി രാജേഷ്. ഇതിനിടെ കഴിഞ്ഞ ഏഴാം തീയതി ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ ഒമാനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവസാനമായി ഭാര്യയെ കാണണമെന്നായിരുന്നു രാജേഷ് പറഞ്ഞിരുന്നത്. ഇതോടെയാണ് തൊട്ടടുത്ത ദിവസം ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ അമൃതയും കുടുംബവും ടിക്കറ്റെടുത്തത്. എന്നാൽ ജീവനക്കാരുടെ പണിമുടക്ക് കാരണം അന്ന് ഒമാനിലേക്ക് പോവാൻ സാധിച്ചില്ല.
തന്റെ അവസ്ഥകൾ അമൃത, അധികൃതരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് 9-ാം തീയതി ഒമാനിലേക്ക് പോകുന്ന ഫ്‌ളൈറ്റിന് ടിക്കറ്റ് തരാമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ സർവീസുകൾ മുടങ്ങിയതോടെ അന്നും യാത്ര തിരിക്കാനായില്ല. തുടർന്ന് ഇവർ യാത്ര മാറ്റിവച്ചു. ഇന്നലെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് രാജേഷ് മരണപ്പെട്ടത്. ഇന്ന് വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും. എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.