ഷിംല: മാണ്ഡി മണ്ഡലം ലോക്സഭാ സ്ഥാനാർത്ഥിയും ചലച്ചിത്ര താരവുമായ കങ്കണ റണാവത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ ആശാ റണാവത്തിനും സഹോദരി രംഗോലി റണാവത്തിനും ഒപ്പമെത്തിയാണ് വരണാധികാരിക്ക് മുമ്പാകേ നാമനിർദേശ പത്രിക സമ്മർപ്പിച്ചത്. മാണ്ഡിയിലെ ജനങ്ങൾ നൽകിയ സ്നേഹമാണ് തന്നെ ജന്മനാട്ടിലേക്ക് തിരികെയെത്തിച്ചത്. അഭിനയത്തിൽ തന്റേതായ ഇടം കണ്ടെത്തിയെന്നും, അതുപോലെ തന്നെ രാഷ്‌ട്രീയത്തിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കങ്കണ പ്രതികരിച്ചു.
എല്ലാ മേഖലയിലും രാജ്യത്തെ സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാണ്ഡിയിലെ സ്ത്രീകൾ വിദ്യാഭ്യാസത്തിലും രാഷ്‌ട്രീയത്തിലും സെെന്യത്തിലുമെല്ലാം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ് കോൺഗ്രസിന്റെ രാജ്യവിരുദ്ധ നയങ്ങളെന്നും നാമനിർദേശ പത്രിക സമർപ്പിച്ചുകൊണ്ട് കങ്കണ പറഞ്ഞു.
കോൺഗ്രസ് കോട്ടയായ മാണ്ഡി മണ്ഡലം കങ്കണയിലൂടെ തിരികെ പിടിക്കലാണ് ബിജെപിയുടെ ലക്ഷ്യം. മന്ത്രിയും കോൺഗ്രസ് നേതാവ് വീർഭദ്ര സിംഗ്സിന്റെ മകനുമായ വിക്രമാദിത്യ സിംഗാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സംസ്ഥാനത്തെ ഒഴിവുവന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും.