ഗായകൻ സന്നിധാനന്ദനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ സന്നിധാനന്ദന് പിന്തുണയുമായി നടന് ഹരീഷ് പേരടി. ഫേയ്സ്ബുക്കിലൂടെ ഗായകന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സന്നിധാനന്ദൻ ആലപിച്ച ഗാനത്തിൽ ഹരീഷ് പേരടി ചുവടുവെക്കുന്ന ഭക്തിഗാനം പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി പിന്തുണ അറിയിച്ചത്.
‘മുടിയഴിച്ചിട്ടവൻ പാടി, മുടിയഴിച്ചിട്ടവൻ ആടി…മുടിയൻമാർ ഇനിയും ആടും പാടും. പ്രിയപ്പെട്ട സന്നിധാനന്ദനോടൊപ്പം’ എന്നാണ് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘ഒന്നാനാം അമ്പെടുത്ത്’ എന്ന് തുടങ്ങുന്ന ഹിറ്റ് ഭക്തിഗാനമാണ് ഹരീഷ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉഷാ കുമാരിയെന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് സന്നിധാനന്ദനെതിരെ വിവാദ പരാമർശമുണ്ടായത്. കോമാളി വേഷമാണെന്നും പെട്ടെന്ന് കണ്ടാൽ ആരും പേടിച്ച് പോകുകയും അറപ്പുണ്ടാക്കുകയും ചെയ്യുമെന്നും ആയിരുന്നു വിവാദ പരാമർശം.
ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധുപ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. ടോപ്സിംഗറിൽ പാടുന്ന ഒരു കുട്ടിയെ കണ്ടാൽ ആരെ കൺഫ്യൂഷനാകും. ഇവർക്ക് പിതാവ് ഇല്ലെയെന്നും ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് അമ്മമാർ എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്.