കോഴിക്കോട്: മഴ കനത്തതോടെ കരിപ്പൂർ വിമാനത്താവളത്തിന്റെ പൊളിഞ്ഞ മതിൽ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് വലഞ്ഞ് നാട്ടുകാർ. മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും കുത്തിയൊലിച്ച് വരുന്നതിനാൽ വീടുകളിലെ കിണറുകളിലും കൃഷിയിടങ്ങളിലും മലിനജലം നിറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ മഴക്കാലത്താണ് മതിൽ ഇടിഞ്ഞു വീണത്. ഇതോടെ മതിൽ പുനഃസ്ഥാപിക്കുന്നതിന് പകരം ഷീറ്റുകൊണ്ട് മറ കെട്ടുകയായിരുന്നു. എന്നാൽ മഴ ശക്തിപ്രാപിച്ചതോടെ മാലിന്യങ്ങളും മഴവെള്ളത്തോടൊപ്പം നിരപ്പായ പ്രദേശങ്ങളിലേക്ക് കുത്തിയൊലിച്ചെത്തി. ചില വീടുകളിലെ കിണറുകൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ പ്രശ്‌നം ഗുരുതരമാകുമെന്നും അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, മഴ കനത്തതോടെ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.