ന്യൂഡൽഹി: എൽടിടിഇയെ നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലാണ് എൽടിടിഇ ഇപ്പോഴും മുഴുകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടി.
1967ലെ നിയമവിരുദ്ധ പ്രവർത്തന ( നിരോധന) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നിരോധനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടന തമിഴ്‌നാട്ടിൽ അടിത്തറ വിപുലീകരിക്കാൻ ശ്രമം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് സൂചനകൾ ലഭിച്ചിരുന്നു.
2009 മെയ് മാസത്തിൽ ശ്രീലങ്കയിലെ സൈനിക തോൽവിക്ക് ശേഷവും എൽ.ടി.ടി.ഇ ‘ഈലം’ (തമിഴർക്ക് ഒരു സ്വതന്ത്ര രാജ്യം) എന്ന സങ്കൽപ്പം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇപ്പോഴും ഇതേ ലക്ഷ്യത്തിനായി രഹസ്യമായി പ്രവർത്തിച്ച് ധനസമാഹരണം നടത്തുന്നുണ്ട്. ചിതറിപ്പോയ പ്രവർത്തകരെ പുനഃസംഘടിപ്പിക്കാൻ ശേഷിക്കുന്ന എൽ.ടി.ടി.ഇ നേതാക്കളും കേഡർമാരും ശ്രമം ആരംഭിച്ചതായും അതിനാൽ എൽടിടിഇയെ നിരോധിച്ചില്ലെങ്കിൽ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.















