ലക്നൗ: യുവതിയുമായി സൗഹൃദം സ്ഥാപിച്ച ‘ഇൻസ്റ്റഗ്രാം സഹോദരന്മാർ’ തട്ടിയെടുത്തത് 2 ലക്ഷം രൂപ. ലക്നൗവിലാണ് സംഭവം.യുവതിക്ക് വിവാഹ സമ്മാനങ്ങൾ നൽകാമെന്ന് വാഗ്‌ദാനം നൽകി ഇവർ തട്ടിപ്പിൽ കുടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പോലീസ് പറയുന്നു.
തട്ടിപ്പിനിരയായ യുവതി ഏപ്രിൽ 22 നാണ് ഇൻസ്റ്റഗ്രാമിലൂടെ മൂന്ന് യുവാക്കളെ പരിചയപ്പെടുന്നത്. രവി കുമാർ, റാണ പ്രതാപ് സിംഗ്, മനോജ് എന്നീ പേരുകളിലുള്ള യുവാക്കളാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇവർ യുവതിയുടെ വിശ്വാസ്യത പിടിച്ച് പറ്റുകയും തങ്ങളെ സ്വന്തം സഹോദരന്മാരായി കാണുവാനും ആവശ്യപ്പെട്ടു. നാളുകൾ നീണ്ട സൗഹൃദത്തിനിടക്ക് രവികുമാർ യുവതിയെ ഫോണിലൂടെ ബന്ധപ്പെട്ട് വിലപിടിപ്പുള്ള വിവാഹ സമ്മാനം നൽകാമെന്ന് വാഗ്‌ദാനം ചെയ്തു. ഇത് അയച്ച് നൽകാനായി ഇവർ യുവതിയുടെ ആധാർ കാർഡ് വിവരങ്ങൾ, ഫോട്ടോ, മറ്റു രേഖകൾ എന്നിവയെല്ലാം ആവശ്യപ്പെട്ടു.
തുടർന്ന് കേസിലെ മറ്റൊരു പ്രതിയായ മനോജ് യുവതിയെ വിളിക്കുകയും വിവാഹസമ്മാനം വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഇത് വിട്ടുകിട്ടാൻ പണം ആവശ്യമാണെന്നും അറിയിച്ചു. പണം നൽകാനാവില്ലെന്ന് പറഞ്ഞതോടെ ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സിബിഐ , ക്രൈം ബ്രാഞ്ച് , ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇവരെല്ലാം സംഭവത്തിൽ ഇടപെടുമെന്നും യുവതിയെ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. ഭയന്നുപോയ യുവതി ഇവർ അയച്ചു നൽകിയ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് 1.94 ലക്ഷം രൂപ അയക്കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.















