ബെയ്ജിംഗ്: കോവിഡ് വാർത്ത നൽകിയതിന് ജയിലിൽ അടച്ച മാദ്ധ്യമ പ്രവർത്തയെ മോചിപ്പിക്കാൻ ചൈനീസ് ഭരണകൂടം അനുമതി നൽകിയതായി റിപ്പോർട്ട്. നാല് വർഷത്തെ ശിക്ഷ കാലവധി പൂർത്തിതാക്കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത് . സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകയും അഭിഭാഷകയുമായ ഷാങ് ഷാനെ 2020 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്താണ് വുഹാനിലെത്തി ഇവർ വിവരങ്ങൾ ശേഖരിച്ചത്. യുട്യൂബ്, വീ ചാറ്റ്, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച വീഡിയോ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് നിർണ്ണായകമായ വിവരങ്ങളാണ് ലോകത്തിന് നൽകിയത്. മഹാമാരിയുടെ ആദ്യ ദിവസങ്ങളിൽ രോഗികൾ തിങ്ങിനിറഞ്ഞ വുഹാനിലെ ആശുപത്രിയുടെ ദൃശ്യങ്ങൾ ആശങ്കയോടെയാണ് ലോകം വീക്ഷിച്ചത്.
ഇടയ്‌ക്ക് ജയിലിൽ നിരാഹാര സമരം നടത്തിയ ഷാങ് ഷാന്റെ ആരോഗ്യനില വഷളായിരുന്നു. ജയിലധികൃതർ നിർബന്ധിച്ച് ഫീഡിംഗ് ട്യൂബ് വഴി ഭക്ഷണം നൽകിയതായും യുവതിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു.















