ന്യൂഡൽഹി: വീട്ടിൽ ഉറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് സംഭവം.
ഒറ്റമുറി വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ പുറത്തുപോയ സമയത്തായിരുന്നു നായ വീടിനുളളിലേക്ക് കടന്നത്. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കടിച്ചുകീറുകയായിരുന്നു. കുട്ടി തൽക്ഷണം തന്നെ മരിച്ചു. നായയ്‌ക്ക് പ്രദേശവാസികൾ സ്ഥിരമായി ഭക്ഷണം നൽകാറുണ്ടെന്ന പരാതിയും ഉയരുന്നുണ്ട് . നായയെ പിന്നീട് നാട്ടുകാരെല്ലാം കൂടി ചേർന്ന് തല്ലി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലെ നോയിഡയിൽ തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് നായകൾക്ക് പതിവായി ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ രോഷാകുലരായ നാട്ടുകാർ ആക്രമിക്കുകയും ചെയ്തിരുന്നു.