നടൻ ടൊവിനോ തോമസുമായുള്ള തർക്കങ്ങൾക്ക് പിന്നാലെ വഴക്കിന്റെ പ്രിവ്യൂ കോപ്പി ഓൺലൈനായി ഓൺലൈനായി പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ. ആർക്കും സൗജന്യമായി കാണാൻ കഴിയുന്ന വിധത്തിൽ വിമിയോയിലാണ് സിനിമ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക് കാണണം എന്നുള്ളവർക്ക് കാണാമെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നും സനൽകുമാർ കുറിച്ചു.
കരിയറിന് കോട്ടം തട്ടുമെന്ന് പറഞ്ഞ് ടൊവിനോ ‘വഴക്ക്’എന്ന ചിത്രത്തിന്റെ റിലീസ് മുടക്കിയെന്നാണ് സനൽകുമാർ സമൂഹമാദ്ധ്യമത്തിലൂടെ ഉന്നയിച്ചത്. സംവിധായകന്റെ വിമർശനത്തിൽ പ്രതികരണവുമായി ടൊവിനോയും രംഗത്തെത്തിയിരുന്നു. സിനിമ അർഹിക്കുന്ന ബഹുമാനം ലഭിക്കില്ല എന്നതുകൊണ്ടാണ് വഴക്കിന്റെ തിയേറ്റർ റിലീസിന് വിമുഖത കാണിച്ചതെന്നും ഒടിടി റിലീസിന് ശ്രമിച്ചപ്പോൾ സംവിധായകന്റെ സോഷ്യൽ പ്രൊഫൈൽ തടസമായി വന്നുവെന്നുമാണ് ടൊവിനോ ഇതിനെതിരെ തിരിച്ചടിച്ചത്.
പരിചയപ്പെട്ട സമയത്ത് സനൽകുമാറിനെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാൽ ഇപ്പോഴുള്ള അദ്ദേഹത്തെ തനിക്ക് മനസിലാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു. എല്ലാം അദ്ദേഹത്തിന് വേണ്ടി ചെയ്തശേഷം അവസാനം വില്ലനായി മാറിയതിൽ സങ്കടമുണ്ടെന്നും ഈ വിഷയത്തിലെ തന്റെ അവസാന പ്രതികരണമാണ് ഇതെന്നും ടൊവിനോ പറഞ്ഞിരുന്നു.















