ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ജഗദീഷ്പൂരിലെ ക്രമസമാധാനം തകർന്നിരുന്നുവെന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതതോടെ ഉത്തർപ്രദേശിലെ ജനങ്ങൾ സുരക്ഷിതരാണെന്ന് സ്മൃതി പറഞ്ഞു. ഉത്തർപ്രദേശിലെ ജഗദീഷ്പൂരിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
” ഒരു കാലത്ത് കോൺഗ്രസ് ഭരിച്ച മണ്ണായിരുന്നു ഇത്. എന്നാൽ കോൺഗ്രസിന്റെ കാലത്ത് ജഗദീഷ്പൂരിലെ ക്രമസമാധാനം തകർന്നിരുന്നു. ഓരോ പെൺമക്കളും പീഡിപ്പിക്കപ്പെട്ടിരുന്നു. കോൺഗ്രസ് എല്ലാ നീച കൃത്യങ്ങൾക്കും നേരെ കണ്ണടച്ച് നിന്നു. എന്നാൽ പിന്നീട് ജനങ്ങൾ യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തപ്പോൾ ഉത്തർപ്രദേശിലെ ക്രമസമാധാനം മെച്ചപ്പെടാൻ തുടങ്ങി.”- സ്മൃതി ഇറാനി പറഞ്ഞു.
പെൺമക്കളെ ദ്രോഹിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിനാൽ തന്നെ ഇന്ന് ഉത്തർപ്രദേശിൽ പീഡനത്തിനിരയാവുന്ന പെൺകുട്ടികളുടെ കണക്കിൽ ഗണ്യമായ കുറവ് വന്നിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. കുറ്റവാളികളുടെ വീടുകൾ ബുൾഡോസർ നടപടിയിലൂടെ പൊളിച്ചു നീക്കുന്നു. അവർക്കെതിരെയുള്ള ശിക്ഷകൾ കാണുമ്പോൾ ഇന്ന് കുറ്റവാളികൾക്ക് ഭയമുണ്ടെന്നും ഈ ഭയം കോൺഗ്രസിന്റെ കാലത്തുണ്ടായിരുന്നില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.















