ഡെറാഡൂൺ: രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ധാമി വ്യക്തമാക്കി. പഞ്ചാബിലെ ആനന്ദ്പൂർ സാഹിബ് മണ്ഡലത്തിലെ സ്ഥാനാർത്ഥി ഡോ. സുഭാഷ് ശർമ്മയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ 25 ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചിരുന്നു. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനങ്ങൾക്കിടയിൽ വലിയൊരു ആവേശം കാണാമായിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയും അടക് മുതൽ കട്ടക് വരെയും രാജ്യത്തെ 140 കോടി ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ അക്ഷീണ പ്രവർത്തനങ്ങൾ ഇതിൽ നിന്ന് വ്യക്തമാണ്.
രാജ്യത്തെ ജനങ്ങളെ തന്റെ കുടുംബാംഗങ്ങളായി കണ്ടാണ് അവർക്ക് വേണ്ടി അദ്ദേഹം പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകാൻ പോകുന്നതെന്നും ധാമി പറഞ്ഞു.















