തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കൊമോറിയൻ തീരത്തും, തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തോടും ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴികളുടെ സ്വാധീനമായാണ് മഴ തുടരുന്നത്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഉരുൾപൊട്ടലിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.















