കൊൽക്കത്ത: ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രസ്താവനകളെ തള്ളി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ തുറമുഖം ഏറ്റെടുത്തതിന്റെ പ്രയോജനം മേഖലയ്‌ക്കാകെ ലഭ്യമാകുമെന്നും, ഇടുങ്ങിയ ചിന്താഗതി വെച്ചു പുലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ചബഹാറിന്റെ അന്തർദേശീയ പ്രാധാന്യത്തെ പ്രശംസിച്ച് അമേരിക്ക രംഗത്തെത്തിയ കാര്യവും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. കൊൽക്കത്തയിൽ സ്വന്തം പുസ്തമായ ‘വൈ ഭാരത് മാറ്റേഴ്‌സിന്റെ ബംഗ്ലാ പതിപ്പിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ജയശങ്കർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് യുഎസുമായി ആശയവിനിമയം നടത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. ഇന്ത്യ ദീർഘകാലമായി ചേർന്ന് പ്രവർത്തിച്ചിരുന്ന പദ്ധതിയാണെങ്കിലും ഇറാന്റെ ഭാഗത്ത് വിവിധ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇതിൻ മേൽ കരാറുണ്ടാക്കാൻ സാധിച്ചിരുന്നില്ല. പത്ത് വർഷത്തേക്ക് തുറമുഖം ഏറ്റെടുക്കാവൻ സാധിച്ചത് നയതന്ത്രവിജയമായാണ് കാണുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തന്ത്ര പ്രധാനമായ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ ടെഹ്‌റാനുമായുള്ള വ്യാപാര ബന്ധം പരിഗണിക്കുന്നവർ ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് യുഎസിന്റെ പ്രസ്താവ പുറത്ത് വന്നിരുന്നു.
ഇറാനിലെ സിസ്താന്‍ ബലൂചിസ്ഥാന്‍ മേഖലയിലുള്ള ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍. ഇന്ത്യൻ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐപിജിഎൽ) ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും (പിഎംഒ) തമ്മിലുണ്ടാക്കിയ കരാർ പ്രകാരം തുറമുഖത്തിന്റ പ്രവർത്തനം പത്ത് വർഷത്തേക്ക് ഇന്ത്യയ്‌ക്ക് സ്വന്തമായി. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനക്കാലത്താണ് തുറമുഖം അന്താരാഷ്‌ട്ര ചരക്ക്, യാത്രാ ഇടനാഴിയായി വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്. തുറമുഖത്തിന്റെ വികസനത്തിന് 120 ദശലക്ഷം യുഎസ് ഡോളർ ഇന്ത്യ നിക്ഷേപിക്കും. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് 250 ദശലക്ഷം ഇന്ത്യന്‍ രൂപയുടെ വായ്‌പ്പയും അനുവദിക്കും















