തിരുവനന്തപുരം: രാജ്യാന്തര അതിർത്തികൾ വഴി കേരളത്തിലേക്ക് വ്യാപക സ്വർണക്കടത്ത്. നേപ്പാൾ, ബംഗ്ലാദേശ് അതിർത്തികൾ വഴിയുള്ള കള്ളക്കടത്തുകളിൽ ഭീകരവാദ ഗ്രൂപ്പുകളുടെയും പങ്ക് വ്യക്തമാവുകയാണ്. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെ ബംഗ്ലാദേശ് വഴി സ്വർണമെത്തിച്ച്, ബംഗാൾ അതിർത്തി വഴി സ്വർണം കേരളത്തിലേക്ക് കടത്തുന്നതിന്റെ വിവരങ്ങൾ നേരത്തെ കസ്റ്റംസിന് ലഭിച്ചിരുന്നു. സ്വർണക്കടത്തിന് പണമെത്തിക്കുന്നത് റിവേഴ്സ് ഹവാല വഴിയെന്നാണ് കണ്ടെത്തൽ.
ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി കടത്തുന്ന സ്വർണക്കട്ടകൾ ബംഗാളിൽ എത്തിച്ച് ഉരുക്കി ആഭരണങ്ങളാക്കിയും അല്ലാതെയും കേരളത്തിലേക്ക് കൊണ്ടുവരികയാണ്. നേപ്പാൾ, ബീഹാർ, നെക്സോൾ പോലുള്ള വനാതിർത്തികളിലൂടെയും കടന്നു കയറിയും സ്വർണക്കടത്ത് നടത്തുന്നുണ്ടെന്നാണ് വിവരം. രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെയാണ് സ്വർണക്കടത്തിന് ഏജന്റുമാർ മറ്റ് വഴികൾ തേടിയത്. ഇതിനൊപ്പം ഭീകരവാദ സംഘടനകളും ഫണ്ട് സ്വരൂപിക്കാൻ അതിർത്തി വഴിയുള്ള സ്വർണക്കള്ളക്കടത്തിലേക്ക് തിരിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
ഇന്ത്യയിൽ ലുക്കൗട്ട് നോട്ടിസിൽ ഉള്ളവർ നേപ്പാൾ അതിർത്തി വിമാനത്താവളങ്ങളിൽ ഇറങ്ങി ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറുകയാണ് ചെയ്യുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ളസ്വർണക്കടത്ത് സംഘങ്ങളാണ് അതിർത്തി വഴിയുള്ള സ്വർണക്കടത്തുകളെയും നിയന്ത്രിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാൾ അതിർത്തികളിലും സ്വർണക്കടത്തുകൾ ഏകോപിപ്പിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്. ബംഗ്ലാദേശിലേക്ക് ഒരാൾക്ക് 100 ഗ്രാം വരെ സ്വർണം കൊണ്ടുവരാനാകുമെന്ന സാദ്ധ്യതകളെയാണ് കള്ളക്കടത്തുകാർ ദുരുപയോഗം ചെയ്യുന്നത്.















