എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിനെ തേടി 1000 കോടിയോളം രൂപയുടെ വിദേശ ഓർഡർ. യൂറോപ്പ്യൻ രാജ്യത്ത് നിന്നാണ് ഓർഡർ എന്ന് കമ്പനി വാർത്താകുറിപ്പിലുടെ അറിയിച്ചു. ഓഫ് ഷോർ വിൻഡ് ഫാം ഇൻഡസ്ട്രിക്ക് ആവശ്യമായ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസ്സലിനായുള്ള ഓർഡറാണ് ലഭിച്ചത്. 2026 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഷിപ്പ്‌യാർഡിന്റെ ഓഹരി വില ഒറ്റ ദിവസം കൊണ്ട് 150 രൂപയോളം വർദ്ധിച്ചു. 1195 രൂപയായിരുന്ന വില 1342.20 ആയി കുതിച്ചുയർന്നു. ഒപ്പം ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചു. 12 ശതമാനത്തിന്റെ വർദ്ധനയാണ് ഒറ്റദിവസം കൊണ്ടുണ്ടായത്.
ഏപ്രിലിൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് യുഎസ് നേവിയുമായി അറ്റകുറ്റപ്പണിക്കുള്ള കരാറിൽ ഒപ്പുവച്ചു. അന്താരാഷ്‌ട്ര ഓർഡറുകളിലുണ്ടാകുന്ന വർദ്ധന കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വിലയിലും പ്രതിഫലിക്കുന്നുണ്ട്.















