‘ഗ്രീൻ വെജിറ്റബിൾ’ ഗണത്തിൽപ്പെടുന്ന കാബേജ്, കോളിഫ്ലവർ, സ്പിനാച്ച്, ഗ്രീൻപീസ്, ബ്രോക്കോളി തുടങ്ങിയവ പാകം ചെയ്യാനെടുക്കുമ്പോൾ അവയിൽ പുഴുക്കളെയും മറ്റ് ജീവികളെയും കാണുന്നത് പതിവാണ്. പച്ചക്കറികളുടെ അകത്ത് കയറുന്ന പുഴുക്കൾ അവ മുഴുവൻ കാർന്നുതിന്ന് നശിപ്പിക്കുന്നു. പുഴുക്കളുടെ ശല്യം കാരണം പച്ചക്കറികൾ ചീഞ്ഞുപോവുകയും പൊള്ളയാവുകയും ചെയ്യാറുണ്ട്. ഇത്തരം പുഴുക്കൾ വലുപ്പത്തിൽ കുഞ്ഞനായതിനാൽ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനും പ്രയാസമാണ്. കീടങ്ങൾ ബാധിച്ച പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിന് ഗുണകരവുമല്ല. ഈയൊരു സാഹചര്യത്തിൽ പച്ചക്കറികൾ ലഭിച്ചാൽ അവയെ കീടമുക്തമാക്കുന്നതിനുള്ള ചില അടുക്കളസൂത്രങ്ങൾ അറിഞ്ഞിരിക്കാം..
കോളിഫ്ലവറിൽ നിന്ന് പുഴുക്കളെ കളയാൻ
കീടങ്ങളും പുഴുക്കളും ഏറ്റവും കൂടുതൽ ഒളിഞ്ഞിരിക്കുന്ന പച്ചക്കറിയാണ് കോളിഫ്ലവർ. ഇവ കഷ്ണങ്ങളായി അരിഞ്ഞതിന് ശേഷം ഒരു പാത്രത്തിലിട്ട് അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. അൽപം ഉപ്പ് ചേർത്ത് നൽകുക. കുറച്ചുസമയം ചൂടുള്ള ഉപ്പുവെള്ളത്തിൽ കോളിഫ്ലവർ ഇട്ടുവയ്‌ക്കണം. ഉപ്പ് ചേർക്കുന്നതിനൊപ്പം മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നതും നല്ലതാണ്. അൽപസമയം കഴിഞ്ഞാൽ അതിനുള്ളിലെ പുഴുക്കൾ പൊങ്ങിവരുന്നത് കാണാം..
ഇലവർഗങ്ങൾ
ചീര, മുരിങ്ങയില പോലുള്ള ഇലവർഗങ്ങൾ ശരീരത്തിന് ആരോഗ്യദായകമാണ്. പക്ഷെ ഇവ കീടമുക്തമാക്കി പാചകം ചെയ്യുന്നത് വലിയ പ്രയാസവുമാണ്. ചീരയുടെ ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്തി മാറ്റുക എന്നുള്ളതാണ് വെല്ലുവിളി. അതിനാൽ ചീര പാകം ചെയ്യുന്നതിന് മുൻപ് അവ 15 മിനിറ്റോളം ഉപ്പുവെള്ളത്തിൽ ഇട്ടുവയ്‌ക്കുക.
കാബേജിനുള്ളിലെ പുഴുവിനെ തുരത്താൻ
ഇന്ത്യൻ അടുക്കളകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് കാബേജ്. ഇതിനുള്ളിൽ ധാരാളം പുഴുക്കളും ഉണ്ടാകാറുണ്ട്. മനുഷ്യന്റെ തലച്ചോറിനെ പോലും ബാധിക്കുന്നവയാണ് കാബേജിനുള്ളിലെ പുഴുക്കളെന്ന് ഗവേഷകർ പറയുന്നു. അതിനാൽ കാബേജ് പാകം ചെയ്യുന്നതിന് മുൻപ് തീർച്ചയായും കീടമുക്തമാക്കണം.
കാബേജ് അരിയാനെടുക്കുമ്പോൾ അതിന് മുകളിലുള്ള 2-3 ലെയർ ഇല കളഞ്ഞതിന് ശേഷം ബാക്കിയുള്ളത് മാത്രം എടുക്കുക എന്നതാണ് ഒരുവഴി. ശേഷം മഞ്ഞൾപൊടിയിട്ട വെള്ളത്തിൽ കാബേജ് ഇട്ടുവയ്‌ക്കുക. 15 മിനിറ്റ് സൂക്ഷിച്ചതിന് ശേഷം കാബേജ് എടുത്ത് നല്ലവെള്ളത്തിൽ കഴുകുക. രണ്ട്-മൂന്ന് തവണ പച്ചവെള്ളത്തിൽ കഴുകിയെടുത്തതിന് ശേഷം അരിയുക.