കോഴിക്കോട്: ഗാർഹീക പീഡന പരാതിയിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. എ.എസ് സരിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. എസ്എച്ച്ഒക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും.
ഫറോക്ക് എസിപി സാജു കെ എബ്രഹാം കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഉത്തരമേഖല ഐജിയുടെ നടപടി. പെൺകുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പന്തീരങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായി മർദ്ദിച്ച കേസിൽ വീഴ്ചവരുത്തിയതിലാണ് നടപടി.
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പന്തീരാങ്കാവ് പൊലീസ് പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. ഇന്നലെ വൈകിട്ടാണ് യുവതിയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖ കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി പൊലീസ് വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.















