ന്യൂഡൽഹി: സിംഗപ്പൂരിന്റെ പുതിയ പ്രധാനമന്ത്രിയായി ലോറൻസ് വോങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ആദ്യ നേതൃമാറ്റമാണിത്. 72 കാരനായ ലീ സീൻ ലൂങ്ങിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം അധികാരമേറ്റത്. സിംഗപ്പൂരിന്റെ നാലാം പ്രധാനമന്ത്രിയാണ്.
സ്ഥാനമൊഴിയുന്ന ലൂങ് മന്ത്രിസഭയിൽ മുതിർന്ന അംഗമായി തുടരും. ധനമന്ത്രിയുടെ ചുമതലയും വോങ്ങിനാണ്. സിംഗപ്പൂരിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ്. പ്രസിഡന്റ് തർമൻ ഷൺമുഖരത്നം ആണ് വോങ്ങിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
എനർജി മാർക്കറ്റ് അതോറിറ്റിയുടെ സിഇഒയും മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന വോങ് 2011 ലാണ് രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്. 2020 ൽ കൊവിഡ് 19 നിയന്ത്രിക്കുന്നതിനുളള പ്രത്യേകസംഘത്തിൽ സഹനേതൃത്വം വഹിച്ച വോങ് കൊവിഡ് ബാധ പ്രതിരോധിക്കാൻ രാജ്യത്തെ സജ്ജമാക്കുന്നതിൽ ശ്രദ്ധേയപങ്ക് വഹിച്ചിരുന്നു.
2021 ൽ ധനമന്ത്രിയായ അദ്ദേഹം 2022 ൽ ഉപപ്രധാനമന്ത്രിയുമായിരുന്നു.















