മുംബൈ: വ്യാജ ശിവസേനയും എൻസിപിയും കോൺഗ്രസിൽ ലയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ധവ് താക്കറെയുടെ പക്ഷം കോൺഗ്രസിൽ ചേർന്നാൽ വ്യാജ ശിവസേന പിന്നെ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഡിൻഡോരിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി അദ്ദേഹം.
‘കോൺഗ്രസിന് വളരെ പാവപ്പെട്ട ഒരു പ്രതിപക്ഷമായി തുടരാൻ പോലും പ്രയാസമാണ്. വളരെ മോശമായ രീതിയിലാണ് കോൺഗ്രസ് പരാജയപ്പെടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്‌ട്രയിലെ എല്ലാ ചെറിയ പാർട്ടികളും കോൺഗ്രസിൽ ലയിക്കണമെന്നാണ് ഇൻഡി സഖ്യത്തിലെ ഒരു നേതാവിന്റെ നിർദ്ദേശം. വ്യാജ ശിവസേനയും നാഷണലിസ്റ്റ് പാർട്ടിയും കോൺഗ്രസിൽ ലയിക്കും.
ഉദ്ധവ് താക്കറയുടെ ശിവസേന കോൺഗ്രസിൽ ലയിക്കുമ്പോൾ ഞാൻ ഓർക്കുന്നത് ബാൽ താക്കറെയാണ്. കാരണം, കോൺഗ്രസിൽ ചേർന്നാൽ അന്ന് ശിവസേന അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അതായത്, പിന്നീട് വ്യാജ ശിവസേനയുടെ ഒരു തുമ്പും ഉണ്ടാകില്ല.
ബാൽ താക്കറെയുടെ സ്വപ്നങ്ങളെല്ലാം വ്യാജ ശിവസേന തകർത്തിരിക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പ്രണപ്രതിഷ്ഠയുടെ ക്ഷണം കോൺഗ്രസ് നിരസിച്ചിരുന്നു. ഇതേ വഴി തന്നെയാണ് വ്യാജ ശിവസേനയും തിരഞ്ഞെടുത്ത്. ക്ഷേത്രത്തെ കുറിച്ച് കോൺഗ്രസുകാർ അസംബന്ധമാണ് ഇപ്പോഴും പറയുന്നത്. ഇവരുമായി ചേർന്ന് വ്യാജ ശിവസേനയും നിശബ്ദത പാലിക്കുകയാണ്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനെ അംബേദ്ക്കർ പൂർണമായും എതിർത്തിരുന്നു. ഇപ്പോൾ കോൺഗ്രസ് പറയുന്നത് സംവരണത്തെ കുറിച്ചാണ്. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണത്തെ കുറിച്ച് പറഞ്ഞാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ രീതിയിൽ വിഭജനം നടത്താനാണ് കോൺഗ്രസ് തീരുമാനിക്കുന്നത്.’- പ്രധാനമന്ത്രി പറഞ്ഞു.