ന്യൂഡൽഹി : ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച സൈനികൻ മരണശേഷവും ജീവിതത്തിലേയ്‌ക്ക് കൈപിടിച്ചുയർത്തിയത് ഇന്ത്യൻ സൈന്യത്തിലെ മൂന്ന് സൈനികരെ . 30 വർഷത്തോളം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന 70 കാരനായ അർജുൻ സിംഗിന്റെ അവയവങ്ങളാണ് മൂന്ന് സൈനികർക്ക് പുതുജീവൻ നൽകിയത് .
ഹിമാചൽ പ്രദേശിലെ പാലംപൂർ സ്വദേശിയായ അർജുൻ സിംഗ് ജമ്മു കശ്മീർ റൈഫിൾസ് ബറ്റാലിയനിലാണ് സേവനമനുഷ്ഠിച്ചത് . സുബേദാറായാണ് അർജുൻ സിംഗ് വിരമിച്ചത് . ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് മസ്തിഷ്ക രക്തസ്രാവം ഉണ്ടായത് . ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അർജുൻ സിംഗിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. കരൾ, വൃക്ക, കോർണിയ എന്നിവ ദാനം ചെയ്യാനായിരുന്നു തീരുമാനം . തുടർന്ന് വിദഗ്ധരായ ഡോക്ടർമാരുടെ സംഘം ഹരിയാന ചന്ദിമന്ദിറിലെ ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡിന്റെ ആശുപത്രിയിൽ എത്തി.
ഗ്രീൻ കോറിഡോർ വഴി ഒരു മണിക്കൂറിനുള്ളിൽ ഡൽഹി കാൻ്റ് ഏരിയയിലെ ആർമി ഹോസ്പിറ്റലിൽ ഈ അവയവങ്ങൾ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവിടെ ചികിത്സയിലായിരുന്ന മൂന്ന് സൈനികർക്കാണ് ഈ അവയവങ്ങൾ മാറ്റി വച്ചത് . നിരീക്ഷണത്തിലുള്ള ഇവർ പുതുജീവിതത്തിലേയ്‌ക്കാണ് മടങ്ങി വരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.















