ചെന്നൈ: കനത്ത ചൂടിന് ശമനമായി വേനൽമഴ വ്യാപകമായി പെയ്യാൻ തുടങ്ങിയ തമിഴ്നാട്ടിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതെന്ന് മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ശ്രീലങ്കൻ തീരപ്രദേശങ്ങളിലും അന്തരീക്ഷ ന്യൂനമർദം നിലനിൽക്കുന്നതിനാൽ ഇന്ന് (വ്യാഴം) മുതൽ 19 വരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കാരയ്‌ക്കലിലും ഉൾപ്പെടെ തമിഴ് നാട്ടിൽ പലയിടത്തും ഇടിയും മിന്നലും ഉണ്ടാകും. 4 ദിവസത്തേക്ക് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും (വെള്ളി) പശ്ചിമഘട്ട ജില്ലകളിലും തെക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ചിലയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കൻ ജില്ലകളിലും പശ്ചിമഘട്ട അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലും ഇപ്പോൾ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ജില്ലകളിൽ അതിശക്തമായ മഴയുള്ള സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ മഴക്കാലത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കലക്ടർമാർക്ക് തമിഴ്‌നാട് റവന്യൂ അഡ്മിനിസ്‌ട്രേറ്റീവ് കമ്മീഷണർ എസ്.കെ.പ്രഭാകർ നിർദ്ദേശം നൽകി.
അതിശക്തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ, ജില്ലാ കളക്ടർമാർ മാനദണ്ഡങ്ങൾ പാലിച്ച് ദുരന്തം കൈകാര്യം ചെയ്യണം. ജില്ലാ ഭരണകൂടം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുകയും മഴക്കെടുതികൾ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. വന്യൂ അഡ്മിനിസ്‌ട്രേറ്റീവ് കമ്മീഷണർ പറഞ്ഞു.















