തെലുങ്ക് സിനിമാ രംഗത്തെ സൂപ്പർ സ്റ്റാറാണ് ജൂനിയർ എൻടിആർ. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ച ജൂനിയർ എൻടിആറിന് അമ്പരപ്പിക്കുന്ന ആരാധക വൃന്ദമുണ്ട്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരവുമായിരുന്നു എൻടി രാമറാവുവിന്റെ കൊച്ചുമകനാണ് നന്ദമൂരി താരക രാമ റാവു എന്ന ജൂനിയർ എൻടിആർ.
ഇപ്പോൾ ജന്മദിനത്തോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ജഗ്ഗണ്ണപേട്ടിലുള്ള ഭദ്രകാളി സമേത വീരഭദ്ര സ്വാമി ക്ഷേത്രത്തിനായി വൻ തുക സംഭാവന നൽകിയിരിക്കുകയാണ് താരം .ക്ഷേത്ര നിർമ്മാണത്തിനായാണ് 12.5 ലക്ഷം രൂപ സംഭാവന നൽകിയത്. അമ്മ ശാലിനി, ഭാര്യ ലക്ഷ്മി പ്രണതി, മക്കൾ അഭയ് റാം , ഭാർഗവ് റാം എന്നിവരുടെ പേരിലാണ് അദ്ദേഹം സംഭാവന നല്‍കിയത്. ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലും ഇവരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.















