ന്യൂഡൽഹി : അത്യാധുനിക സൗകര്യങ്ങളുമായി വന്ദേ മെട്രോ ട്രെയിനുകൾ ട്രാക്കിലേക്ക് എത്തുന്നു. വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതർ അറിയിച്ചു.
നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന വന്ദേ മെട്രോയുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ജൂൺ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. 12 കോച്ചുള്ള വന്ദേ മെട്രോ മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ വേഗത്തിലായിരിക്കും ഓടിക്കുക.
ഓട്ടമാറ്റിക് വാതിൽ, മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകൾ, റൂട്ട് ഡിസ്പ്ലേ, സിസിടിവി ക്യാമറകൾ തുടങ്ങി സൗകര്യങ്ങളുള്ളവയാണ് വന്ദേ മെട്രോ. വലിയ ചില്ലുകളുള്ള ജനലുകളും ആകർഷകമാകും. ഒരു കോച്ചിൽനിന്ന് മറ്റൊരു കോച്ചിലേക്ക് എളുപ്പം നടന്നുനീങ്ങാൻ കഴിയും .
ഒരു ബോഗിയിൽ നൂറുപേർക്ക് ഇരുന്ന് യാത്രചെയ്യാനുള്ള സൗകര്യങ്ങളാവും ഉണ്ടാവുക. ഇരട്ടിപ്പേർക്ക് നിന്ന് യാത്രചെയ്യാനും കഴിയും. കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം പുതിയ ട്രെയിനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.ആദ്യ ട്രെയിൻ ചെന്നൈയിൽ നിന്ന് തിരുപ്പതിയിലേക്കായിരിക്കും സർവീസ് നടത്തുക എന്നാണ് റിപ്പോർട്ടുകൾ.















