ചെന്നൈ: നടൻ കമൽഹാസൻ സിനിമാ പ്രവർത്തകർക്ക് നൽകിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണം ശക്തം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നു. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റ് നാരായണൻ തിരുപ്പതിയാണ് കൊക്കെയ്ൻ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ചലച്ചിത്ര മേഖലയിലുള്ളവർക്കായി കമൽഹാസൻ നടത്തിയ പിറന്നാൾ ആഘോഷങ്ങൾക്കിടെ കൊക്കെയ്ൻ നൽകിയെന്നാണ് ഗായിക സുചിത്ര കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശ തെറ്റുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാരായണൻ തിരുപ്പതി കമലഹാസനെതിരെ രംഗത്ത് എത്തിയത്.
സുചിത്ര വെളിപ്പെടുത്തിയ കാര്യങ്ങളിൽ വിശദമായി അന്വേഷണം നടത്തണമെന്നും തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും നാരായണൻ തിരുപ്പതി എക്സിൽ കുറിച്ചിരുന്നു. ആരോപണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കിൽ കമൽഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണമെന്നുമായിരുന്നു നാരായണൻ തിരുപ്പതി ഉന്നയിക്കുന്ന ആവശ്യം.
സംഭവം വിവാദമായതിന് പിന്നാലെ സാമൂഹമാദ്ധ്യമങ്ങളിൽ അന്താരാഷ്‌ട്ര ലഹരി മാഫിയയിലെ പ്രധാന കണ്ണിയായ ജാഫർ സാദിഖും കമലഹാസനും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഉദയനിധി സ്റ്റാലിന്റെ അടുപ്പക്കാരനും സിനിമാ നിർമ്മാതാവുമായ ജാഫർ സാദിഖിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്. ഇതോടെ ഗായിക സുചിത്രയുടെ ആരോപണങ്ങൾ ശക്തമാകുകയാണ്.















