കൊല്ലം ; കിളികൊല്ലൂരിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.
കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥിയാണ്. ഇരുവരും ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുൻപാണ് പരിചയപ്പെട്ടത്.
ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇവരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്. എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിൻ ഇടിച്ചായിരുന്നു അപകടം. റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ പറയുന്നു.
സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടിൽനിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്‌ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽനിന്ന് ഇറങ്ങിയത്.















