ഇസ്ലാമാബാദ് : സ്ത്രീകള്‍ ജോലിക്കുപോയി തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ വർദ്ധിച്ചുവെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം സയീദ് അന്‍വര്‍ . സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് സയീദ് അന്‍വര്‍ സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയത്. വീടിന് പുറത്തുള്ള സ്ത്രീകളുടെ ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് വിവാഹമോചനത്തിന് കാരണമായി സയീദ് അൻവർ പറയുന്നത്.
സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം, പാകിസ്താനിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവാഹമോചന നിരക്ക് 30 ശതമാനം വർദ്ധിച്ചുവെന്നാണ് സയീദ് അൻവർ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ പറയുന്നത് .
‘ ഞാൻ ലോകത്തിലെ പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. യുവാക്കളാണ് ഇരകൾ. കുടുംബങ്ങളുടെ സ്ഥിതി മോശമാണ്. ദമ്പതികൾ വഴക്കിടുന്നു. സ്ത്രീകൾ പണത്തിന് വേണ്ടി ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതി വളരെ മോശമാണ്. സ്ത്രീകൾ തൊഴിൽ ശക്തിയുടെ ഭാഗമാകുന്നത് സമൂഹത്തെ നശിപ്പിക്കാനുള്ള ഒരു ഗെയിം പ്ലാനാണ്. നിങ്ങള്‍ക്കൊപ്പമുള്ള ജീവിതം നരകമാണെന്ന് ഭാര്യമാര്‍ പറയുന്നു. സ്വയം സമ്പാദിക്കാനാകുമെന്നും തനിച്ച് വീട്ടുകാര്യങ്ങളെല്ലാം നോക്കാനാകുമെന്നും അവര്‍ പറയുന്നു. ‘ – അന്‍വര്‍ പറയുന്നു.
ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഒരു ഓസ്‌ട്രേലിയൻ മേയറും സമാനമായ ആശങ്കകൾ തനിക്ക് മുന്നിൽ പ്രകടിപ്പിച്ചതായും അൻവർ പറഞ്ഞു.സ്ത്രീകള്‍ ജോലിക്ക് പോയിത്തുടങ്ങിയതോടെ സംസ്‌കാരം തകര്‍ന്നുവെന്ന് ഓസ്‌ട്രേലിയന്‍ മേയര്‍ പറഞ്ഞതായാണ് അന്‍വറിന്റെ അവകാശവാദം.സയീദ് അൻവറിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.















