അവിശ്വസനീയമായ ഒരു കുറ്റകൃത്യത്തിന്റെ കഥയാണ് ഇപ്പോൾ അൾജീരിയയിൽ നിന്ന് പുറത്തുവരുന്നത്. ഒമർ ബിൻ ഒമ്രാൻ എന്ന 19-കാരനെ വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നു. മകനെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയിൽ ഒരമ്മ കാലങ്ങളോളം പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. ഒടുവിൽ 2013ൽ ആ അമ്മ മരിച്ചു. എന്നെങ്കിലും തന്റെ മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ജീവിച്ചിരുന്ന അവർ, മകനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അന്ത്യശ്വാസം വലിച്ചത്. വർഷങ്ങളോളം ഒമ്രാന് വേണ്ടി നടത്തിയ തിരച്ചിൽ ഇപ്പോൾ പര്യവസാനിച്ചിരിക്കുകയാണ്. കാരണം അയൽക്കാരന്റെ വീട്ടിൽ നിന്നും ഒമ്രാനെ കണ്ടെത്തി!
ഒമ്രാനെ കാണാതാകുമ്പോൾ അവന് 19 വയസ് മാത്രമാണുണ്ടായിരുന്നത്. വൊക്കേഷണൽ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ ഒമ്രാനെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. 26 വർഷങ്ങൾ പിന്നിട്ടു. ഒമ്രാന് ഇന്ന് 45 വയസ്. അയൽക്കാരന്റെ ക്രൂരതയ്‌ക്ക് ഇരയായ ഒമ്രാന് നഷ്ടപ്പെട്ടത് കേവലം 26 വർഷം മാത്രമായിരുന്നില്ല. തന്റെ മനുഷ്യായുസിലെ ഏറ്റവും മനോഹരമായ കാലഘട്ടം കൂടിയായിരുന്നു.
അൾജീരിയയിലെ ഡിജേൽഫ സംസ്ഥാനത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. ആടുകളുടെ ഫാം നടത്തുന്ന അയൽക്കാരന്റെ തടവുകാരനായിരുന്നു 26 വർഷം ഒമ്രാൻ. വൈക്കോൽ മേഞ്ഞ ഒരു കൂരയ്‌ക്കുള്ളിൽ അവൻ രണ്ടര ദശാബ്ദക്കാലം കഴിഞ്ഞു. ചെറിയ ജനൽ അഴികളിലൂടെ ഒമ്രാൻ തന്റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അമ്മയും സഹോദരങ്ങളും വേദനയോടെ നടക്കുന്ന കാഴ്ചയും അവൻ കണ്ടു. ഒന്ന് ഒച്ചവയ്‌ക്കാൻ പോലുമാകാതെ അവൻ 26 വർഷം കഴിഞ്ഞു. ഒടുവിൽ ഒമ്രാനെ കണ്ടെത്തുമ്പോൾ താടിയും മുടിയും നീട്ടി വളർത്തി, കട്ടിക്കുപ്പായങ്ങൾ ധരിച്ച്, തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു അവൻ. മുൻ സർക്കാർ ജീവനക്കാരനും 61-കാരനുമായ പ്രതി പൊലീസിനെ കണ്ടതും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.
യഥാർത്ഥത്തിൽ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് പ്രതിയുടെ സഹോദരൻ തന്നെയായിരുന്നു. ഒമ്രാനെ തടവിൽ വച്ചിരിക്കുന്നുവെന്ന സംശയം പ്രതിയുടെ സഹോദരനായിരുന്നു ആദ്യം പങ്കുവച്ചത്. ഇതേ തുടർന്ന് അൾജീരിയയിലെ ക്രമസമാധാന ചുമതലയുള്ള അന്വേഷണ ഏജൻസിയായ നാഷണൽ ജെൻഡർമേരീ ഒമ്രാന്റെ മിസ്സിംഗ് കേസ് വീണ്ടും പുനരന്വേഷിക്കാൻ തീരുമാനിച്ചു. സംശയത്തിന്റെ നിഴലിലായിരുന്ന അയൽക്കാരന്റെ വീട്ടിലും പരിസര പ്രദേശത്തും റെയ്ഡ് നടത്തി. ഒടുവിലാണ് ഒമ്രാനെയും തടവിൽ വച്ച 61കാരനെയും കണ്ടെത്തിയത്.
19-കാരനെ കാണാതായ ആദ്യ ഒരുമാസം അവനുമായി ഏറെ ചങ്ങാത്തത്തിലായിരുന്ന വളർത്തുനായ അയൽക്കാരന്റെ വീടിന് പരിസരത്ത് എപ്പോഴും ചുറ്റിപ്പറ്റി നിൽക്കുമായിരുന്ന കാഴ്ച കുടുംബം ഓർത്തു. ഇതിന് പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി. ആരോ വിഷം കൊടുത്ത് കൊന്നതാണെന്നും വീട്ടുകാർക്ക് മനസിലായിരുന്നു. ഒരുപക്ഷെ ഒമ്രാന്റെ വളർത്തുനായ ഒരു ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ പ്രതി തന്നെയാകാം അതിന് പിന്നിലെന്ന് കരുതുന്നു. നിലവിൽ അറസ്റ്റിലായ പ്രതിയെ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരിക്കുകയാണ്. മാനസികവും ശാരീരികവുമായ ആരോഗ്യവും നഷ്ടപ്പെട്ട ഒമ്രാനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.