നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യക്ക് പാക് അധീന കശ്‍മീരിലുള്ള അധികാരം താത്കാലികമായി നഷ്ടപ്പെട്ടത് ചിലരുടെ കഴിവില്ലായ്മയും പിഴവും കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘വിശ്വബന്ധു ഭാരത്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന ജിൽജിത്ത് ബാൾട്ടിസ്താനിലൂടെയാണ്. പാക് അധീന കശ്മീർ തിരികെ യോജിപ്പിക്കാൻ ഇന്ത്യ ലക്ഷ്മണ രേഖ കടക്കുകയാണെങ്കിൽ ചൈന എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ മറുപടി. “അവിടെ ലക്ഷ്മണരേഖ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം അത് താത്കാലികമായി നമ്മളിൽ നിന്നും നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
ചൈനയുടെ പാക് അധീന കശ്‌മീരിലെ കടന്നുകയറ്റത്തെ വിമർശിച്ച അദ്ദേഹം ചൈനയും പാകിസ്താനും കാലങ്ങളായി ഒരുമിച്ച് ചേർന്ന് ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ചൈനക്കോ പാകിസ്താനോ പാക് അധീന കശ്മീരിൽ പരമാധികാരം അവകാശപ്പെടാൻ ആവില്ലെന്നും അത് ഇന്ത്യയുടേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
1963 ൽ പാകിസ്താൻ ഏകപക്ഷീയമായി ചൈനയ്‌ക്ക് പാക് അധീന കശ്മീരിന്റെ 5,000 കിലോമീറ്റർ പ്രദേശം കൈമാറിയിരുന്നു. എന്നാൽ അതിർത്തി പ്രദേശത്തിന്റെ അവകാശം പാകിസ്താനായാലും ഇന്ത്യയ്‌ക്കായാലും അത് മാനിക്കുമെന്ന് ചൈന കരാറിൽ വ്യക്തമാക്കിയിരുന്നതായി ജയശങ്കർ പറഞ്ഞു. പത്തുവർഷം മുൻപ് ഈ വിഷയം സംസാരിക്കാനുള്ള ധൈര്യംപോലും ഇവിടെ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് മാറി. ഇന്നത്തെ ഇന്ത്യൻ സമൂഹം പാക് അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.















