മുംബൈ: രേഖകളില്ലാതെ ഡീസൽ കടത്തിയ മത്സ്യ ബന്ധന കപ്പൽ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന 25 ടണ്ണോളം ഡീസലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. മഹാരാഷ്‌ട്ര തീരത്ത് നിന്ന് ” ജയ് മൽഹർ ” എന്ന മത്സ്യബന്ധന കപ്പലാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ അറസ്റ്റിലായിട്ടുണ്ട്.
ഡീസലിനൊപ്പം തന്നെ ചെറിയ തോതിൽ നിരോധിത മയക്കുമരുന്നും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. അതേസമയം പിടികൂടിയ ജീവനക്കാർ ഇതിനകം 5000 ലിറ്റർ ഡീസൽ വിറ്റതായും ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 55 ,000 ലിറ്റർ ഡീസൽ പിടികൂടിയതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മെയ് 12 ന് കസ്റ്റംസ് അധികാരികൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐസിജി മുംബൈയിൽ നിന്ന് 27 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് അകലെ മത്സ്യബന്ധന കപ്പലായ “ആയ് തുൾജയ്” യിൽ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 30,000 ലിറ്റർ അനധികൃത ഡീസലും കണക്കിൽപ്പെടാത്ത 1.75 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. കപ്പൽ ജീവനക്കാരായ 4 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.















